”സ്റ്റുഡിയോയിൽ രഹസ്യക്യാമറ, സിസിടിവി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി”; പ്രമുഖ തമിഴ് സംഗീത സംവിധായകൻ പീഡിപ്പിച്ചെന്ന് പിന്നണി ഗായിക സ്വാഗത കൃഷ്ണൻ

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതര ലൈംഗികാരോപണവുമായി പിന്നണി ഗായികയും നടിയുമായ സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഏഴ് വർഷം മുമ്പ് താൻ ജോലി ചെയ്തിരുന്ന പ്രശസ്തനായ സംഗീത സംവിധായകൻ ലൈംഗികമായും സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് സ്വാഗതയുടെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം താൻ നേരിട്ട നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്.
ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്നാണ് സ്വാഗത ഇയാളെ വിശേഷിപ്പിച്ചത്. ഇയാൾ ഒരു ‘സീരിയൽ അബ്യൂസർ’ ആണെന്നും നിരവധി പെൺകുട്ടികൾ ഇയാളുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. സംഗീത സംവിധായകന്റെ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് മുറികളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തന്നെ ബലാത്സംഗം ചെയ്ത ശേഷം ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായി സ്വാഗത പറഞ്ഞു.ജോലി ചെയ്തതിന് ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല, തന്റെ വസ്തു വിറ്റുകിട്ടിയ പണം പല ആവശ്യങ്ങൾക്കായി ഇയാൾ കൈവശപ്പെടുത്തി. ഇയാളുടെ ഭാര്യയ്ക്ക് ഐഫോൺ വാങ്ങി നൽകിയത് പോലും തന്റെ പണം ഉപയോഗിച്ചാണെന്ന് ഗായിക വെളിപ്പെടുത്തി.
 ഒരു പ്രണയ തകർച്ചയിൽ മാനസികമായി തകർന്നിരുന്ന സമയത്താണ് ഇയാൾ തന്നെ സമീപിച്ചത്. ആദ്യം വഴികാട്ടിയായി വിശ്വസിപ്പിക്കുകയും പിന്നീട് വൈകാരികമായി അടിമയാക്കി ചൂഷണം ചെയ്യുകയുമായിരുന്നു.സ്റ്റുഡിയോയ്ക്കുള്ളിൽ നേരിട്ട ആഘാതം വലുതായിരുന്നുവെന്നും അതുകൊണ്ടാണ് സിനിമാ-സംഗീത കരിയർ തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും സ്വാഗത പറഞ്ഞു. ഈ സംഭവങ്ങൾക്ക് പിന്നാലെ ചെന്നി വിട്ട് ഋഷികേശിലേക്ക് താമസം മാറുകയായിരുന്നു. നിലവിൽ അവിടെ ബിസിനസ് ചെയ്യുകയാണ് താരം.
അതേസമയം, ജി.വി. പ്രകാശ് കുമാർ, ജിബ്രാൻ, ഡി. ഇമ്മൻ, അനിരുദ്ധ് രവിചന്ദർ എന്നിവരെല്ലാം താൻ ആരാധിക്കുന്നവരാണെന്ന് പറഞ്ഞ സ്വാഗത, ഇവരൊന്നും ആ ലിസ്റ്റിൽ ഇല്ലെന്നും വ്യക്തമാക്കി. കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. ‘ബാച്ചിലർ’, ‘കാട്രിൻ മൊഴി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായികയാണ് സ്വാഗത കൃഷ്ണൻ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.