കൊച്ചി: കോടതികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ശനിയാഴ്ച അവധി നല്കി പ്രവൃത്തിദിവസങ്ങളിലെ സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. മാസത്തില്‍ രണ്ട് ശനിയാഴ്ചകളില്‍ ഹൈക്കോടതി പ്രവര്‍ത്തിക്കണമെന്ന രജിസ്ട്രാര്‍ ജനറലിന്റെ ശുപാര്‍ശയെ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രമേയത്തിലൂടെ എതിര്‍ത്തു. ശനിയാഴ്ചകളില്‍ കോടതി പ്രവര്‍ത്തിക്കുന്നതിന് പകരം എല്ലാ പ്രവൃത്തിദിവസങ്ങളിലും സമയം 30 മിനിറ്റ് വീതം വര്‍ദ്ധിപ്പിക്കാമെന്നാണ് അഭിഭാഷകരുടെ ബദല്‍ നിര്‍ദ്ദേശം.
നിലവിലെ സമയക്രമമായ രാവിലെ 10 മുതല്‍ വൈകിട്ട് 4:15 വരെ എന്നുള്ളത്, 4:45 വരെ നീട്ടുന്നതിലൂടെ ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ അധികമായി കോടതിക്ക് ലഭിക്കുമെന്നും ഇത് ശനിയാഴ്ച സിറ്റിംഗിന് തുല്യമാകുമെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും ശനിയാഴ്ചകളിലെ സിറ്റിംഗ് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും ഇത് കുടുംബത്തോടൊപ്പമുള്ള സമയം നഷ്ടപ്പെടുത്തുമെന്നുമാണ് ഇവരുടെ വാദം.
കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഡല്‍ഹി, അലഹബാദ് ഹൈക്കോടതികളിലെ അഭിഭാഷക സംഘടനകളും ഈ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം വക്കീലന്മാര്ക്കിടയില് ഈ വിഷയം ചര്‍ച്ചയാണ്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ആവശ്യവുമായി എത്തിയത്.
കേരളത്തിൽ താപനില 37 ഡിഗ്രി കടക്കും; തിരുവനന്തപുരം ഉൾപ്പടെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത
സമാനമായ രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും ശനിയാഴ്ച അവധി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച യോഗത്തില്‍ ശനിയാഴ്ച ജോലി ഒഴിവാക്കുന്നതിനെ സംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഇതിന്റെ പേരില്‍ നിലവിലുള്ള കാഷ്വല്‍ അവധിയോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കരുതെന്ന് എന്‍.ജി.ഒ യൂണിയന്, എന്‍.ജി.ഒ അസോസിയേഷന്, ജോയിന്റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ കടുപ്പിച്ചു പറഞ്ഞു. സമയനഷ്ടം നികത്താന്‍ ബാക്കി ദിവസങ്ങളില്‍ ഒരു മണിക്കൂറോളം അധികം ജോലി ചെയ്യാന്‍ തയ്യാറാണെന്ന് എന്‍.ജി.ഒ. യൂണിയന് അറിയിച്ചു.
രണ്ടാം ശനിയാഴ്ച നിലവില്‍ അവധിയായതിനാല്‍ ബാക്കിയുള്ള ശനിയാഴ്ചകളിലെ പ്രവൃത്തി സമയമാണ് ക്രമീകരിക്കേണ്ടത്. ആരോഗ്യമേഖലയിലുള്‍പ്പെടെ അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ജോലി ഒഴിവാക്കി പ്രവൃത്തിദിവസങ്ങളില്‍ സമയം നീട്ടി നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കും.


വിജിലന്‍സ് കോംപ്ലക്സ് മുട്ടത്തറയില്‍! തലസ്ഥാനത്തെ 7 ഓഫീസുകള്‍ ഒരൊറ്റ കെട്ടിടത്തിലേക്ക്; മാര്‍ച്ച് 4-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും





