തിരുവനന്തപുരം: കൊച്ചിയിലെ പരിപാടിയിലെ അവഗണനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനിന്ന ശശി തരൂര്‍ എംപി അയയുന്നു. പ്രിയങ്കാ ഗാന്ധി നേരിട്ട് തരൂരുമായി ബന്ധപ്പെട്ട് അനുനയ നീക്കങ്ങള്‍ നടത്തിയതായാണ് സൂചന.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ക്ക് തരൂരിന്റെ സജീവ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയത്. നിലവില്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് തരൂര്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും, പാര്‍ട്ടി വേദികളില്‍ സജീവമാകുമെന്ന വ്യക്തമായ സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതും ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയിലെ വിട്ടുനില്‍ക്കലും വലിയ വിവാദമായിരുന്നു. എന്നാല്‍, തന്റെ പരിഭവങ്ങള്‍ മാധ്യമങ്ങളോടല്ല, മറിച്ച് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് വ്യക്തമാക്കുമെന്നാണ് തരൂര്‍ ഇപ്പോള്‍ പറയുന്നത്. വരാനിരിക്കുന്ന ലോക്സഭാ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധിയുമായി തരൂര്‍ പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. പ്രിയങ്കാ ഗാന്ധി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തരൂര്‍ അംഗീകരിച്ചതായും പാര്‍ട്ടിയുമായി പൂര്‍ണ്ണമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ അദ്ദേഹം സമ്മതം മൂളിയതായും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ചുവടുവെച്ച് സ്പാനിഷ് സുന്ദരി; ഭക്തിലഹരിയില്‍ ആറാടി നിത്യാശ്രീ; വൈറലായി വിദേശി വ്ളോഗറുടെ ഭരണിപ്പകര്‍ച്ചകള്‍
കൊച്ചിയിലെ പരിപാടിയില്‍ താന്‍ അപമാനിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ തരൂര്‍ പരസ്യമായ വിശദീകരണത്തിന് മുതിര്‍ന്നില്ല. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നത് നേരത്തെ അറിയിച്ചിട്ടാണെന്നും കോഴിക്കോട്ടെ പുസ്തക പ്രകാശന ചടങ്ങിന് നല്‍കിയ ഉറപ്പ് പാലിക്കാനാണ് താന്‍ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവല്‍ മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയ തരൂര്‍, ആചാര്യന്മാരെക്കുറിച്ചുള്ള കൃതികള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നത് വലിയ ആഗ്രഹമാണെന്നും പറഞ്ഞു.
കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തരൂരിനെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബിജെപി ശക്തമായ സാന്നിധ്യമാകാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ തരൂരിന്റെ ജനപ്രീതി ഗുണകരമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പാര്‍ലമെന്റില്‍ സജീവമാകുമെന്നും തന്റെ നിലപാടുകള്‍ പാര്‍ട്ടി വേദിയില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കിയതോടെ തരൂര്‍-കോണ്‍ഗ്രസ് ഭിന്നത പരിഹരിക്കപ്പെട്ടതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


സമുദായ നേതാക്കളുടെ എതിര്‍പ്പ് വിശ്വാസികളെ കൂടെ കൂട്ടി മറികടക്കാന്‍ സതീശന്; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആദ്യമെത്തി; ലീഗ് കൂടെയുണ്ടെങ്കില്‍ ഭദ്രം





