ഈഡനില്‍ സഞ്ജു ഷോ….. 50 പന്തില്‍ 97 നോട്ടൗട്ട്….. മലയാളി കരുത്തില്‍ ഇന്ത്യ ട്വന്റി ട്വന്റി സെമിയില്‍

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരിഞ്ഞത് സാംസണ്‍ വസന്തം. ടി20 ലോകകപ്പിന്റെ നിര്‍ണ്ണായക പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. അസാധ്യമെന്ന് കരുതിയ 196 റണ്‍സ് വിജയലക്ഷ്യം സഞ്ജു സാംസണിന്റെ (50 പന്തില്‍ 97*) തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിലും വിക്കറ്റിന് പിന്നിലും ഒരുപോലെ തിളങ്ങിയ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായി മാറി ഈഡനിലെ ഈ മത്സരം.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് പടുത്തുയര്‍ത്തിയ 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ഇന്ത്യ പതറിയെങ്കിലും നാലാം നമ്പറിലിറങ്ങിയ സഞ്ജു ക്രീസ് കീഴടക്കുകയായിരുന്നു. തിലക് വര്‍മ്മയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും കൂട്ടുപിടിച്ച് സഞ്ജു നടത്തിയ പ്രത്യാക്രമണത്തില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നിഷ്പ്രഭരായി. വെറും 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചു. വിമര്‍ശകര്‍ക്ക് തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കിയ സഞ്ജു സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയാണ് കളി അവസാനിപ്പിച്ചത്.
നേരത്തെ, ടോസ് നേടി വിന്‍ഡീസിനെ ബാറ്റിംഗിനയച്ച സൂര്യകുമാര്‍ യാദവിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു സഞ്ജുവിന്റെ കീപ്പിംഗ് പ്രകടനം. വിന്‍ഡീസ് നിരയിലെ അപകടകാരികളായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റൂതര്‍ഫോര്‍ഡ് എന്നിവരെ മടക്കാന്‍ സഞ്ജു എടുത്ത രണ്ട് മിന്നല്‍ ക്യാച്ചുകള്‍ നിര്‍ണ്ണായകമായി. വിന്‍ഡീസിനായി റോവ്മാന്‍ പവല്‍ (34), ജേസണ്‍ ഹോള്‍ഡര്‍ (37) എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 195-ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ ഇന്ത്യ സെമി ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ മലയാളിയായ സഞ്ജുവിന്റെ പേര് ആര്‍ത്തലച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.