തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി മന്ത്രിക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
2016 മുതല്‍ 2021 വരെ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരുന്ന കാലത്തെ യാത്രകളാണ് പരിശോധിക്കുന്നത്.ഈ കാലയളവില്‍ അദ്ദേഹം നടത്തിയ 13 വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ എസ്ഐടി ശേഖരിച്ചു. ഇതില്‍ എട്ടു ഔദ്യോഗിക യാത്രകളും അഞ്ച് സ്വകാര്യ സന്ദര്‍ശനങ്ങളും ഉള്‍പ്പെടുന്നു.
വിദേശ യാത്രകള്‍ക്കിടയില്‍ കേസിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നു. വിദേശയാത്രകള്‍ക്ക് പുറമെ മന്ത്രിയായിരുന്ന കാലത്തെ ബംഗളൂരു, ചെന്നൈ യാത്രകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ബംഗളൂരുവിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വെച്ച് കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സന്ദര്‍ശിച്ചതായി എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കടകംപള്ളിയുടെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കും.
അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ മൊഴിയില്‍, കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചിരുന്നു.
പോറ്റിയെ സഹായിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ കടകംപള്ളി നിഷേധിച്ചിട്ടുണ്ട്. തന്നെ സഹായിക്കാന്‍ മന്ത്രി എഴുതി ഒപ്പിട്ടു നല്‍കി എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നേരത്തെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നായിരുന്നു ഈ നീക്കം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ്ഐടി കടകംപള്ളിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രക്ഷാപ്രവര്‍ത്തന വാദം പൊളിഞ്ഞു; ആലപ്പുഴ മര്‍ദ്ദനക്കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ വധശ്രമക്കുറ്റം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ അനില്‍കുമാറും സംഘവും അകത്താകും
വിവാഹം മുടങ്ങിയതില്‍ പക; പൊലീസുകാരന്റെ ബൈക്ക് കത്തിച്ച് യുവതികള്‍ കുടുങ്ങി; അന്വേഷണം വഴിതിരിക്കാന്‍ വ്യാജക്കത്തും കരിഓയിലും; ലോക്കപ്പില്‍ ആത്മഹത്യാശ്രമം; വിശദമായ അന്വേഷണത്തിന് സാധ്യത; അണിയറയില്‍ വന്‍ ഗൂഢാലോചനയെന്ന് സംശയം





