തിരുവനന്തപുരം: പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ യുഡിഎഫ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച തന്നെ പുതിയ സർക്കാരിലെ എല്ലാ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. എന്നാൽ മന്ത്രിമാർക്ക് നൽകേണ്ട വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഓരോ ഘടകകക്ഷികൾക്കുമുള്ള മന്ത്രിമാരുടെ എണ്ണത്തിലും മുന്നണി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ നേതാക്കൾ ഇന്ന് തലസ്ഥാനത്ത് നടത്തും. ഇതിന് ശേഷം യുഡിഎഫ് മുന്നണി യോഗം വീണ്ടും ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. തർക്കങ്ങൾ പരിഹരിക്കുന്നതിനും ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ഇന്ന് പൂർത്തിയാക്കുന്ന മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറാനാണ് മുന്നണി നീക്കം നടത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഈ മാസം 21-ന് നടത്താനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷം മെയ് 29-ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. തുടർന്ന് ജൂൺ അഞ്ചാം തീയതിയോടെ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും അണിയറയിൽ സജീവമായി നടക്കുന്നു.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. സുപ്രധാനമായ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണെങ്കിലും, ഹൈക്കമാൻഡിന്റെ ഇടപെടലോടെ അദ്ദേഹം വഴങ്ങാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രമേശ് ചെന്നിത്തലയുമായി താൻ നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും നിലവിലുള്ള പ്രശ്നങ്ങൾക്ക് സൗഹാർദ്ദപരമായ പരിഹാരം ഇന്ന് തന്നെ ഉണ്ടാക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വോട്ടെണ്ണൽ ദിനത്തിൽ ആശുപത്രിയിൽ നിന്ന് വീഡിയോ പങ്കുവെച്ച് അഖിൽ മാരാർ; തൃക്കാക്കരയിൽ മൂന്നാം സ്ഥാനത്ത്; ആഘോഷം ആശുപത്രിയിലാണെന്ന് താരം


കേരള പോലീസിന് കരുത്തായി 371 പുത്തൻ സേനാംഗങ്ങൾ; പാസ്സിങ് ഔട്ട് പരേഡ് നാളെ





