തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അപ്രതീക്ഷിതമായി നടന്ന വന്‍ അഴിച്ചുപണിയില്‍ രണ്ട് പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് വന്‍ ‘കോള്‍’ അടിച്ചു. ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന പി. വിജയനെ സംസ്ഥാനത്തെ ഏറ്റവും നിര്‍ണ്ണായകമായ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. ഇതോടൊപ്പം സൈബര്‍ ഓപ്പറേഷന്‍സിന്റെ പൂര്‍ണ്ണ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. മറ്റൊരു പ്രധാന നിയമനത്തില്‍, ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി. ഷൗക്കത്തലി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാകും. എഡിജിപി റാങ്ക് മുതല്‍ എസ്പി റാങ്ക് വരെയുള്ള 30 ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഒരേസമയം സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മുന്‍ ഭരണകാലത്ത് അര്‍ഹമായ പരിഗണന ലഭിക്കാതെ തഴയപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്ത മിടുക്കരായ ഉദ്യോഗസ്ഥരെ പ്രധാന പദവികളിലേക്ക് തിരികെ കൊണ്ടുവരുമെന്ന ശക്തമായ സന്ദേശമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രമേശ് ചെന്നിത്തല ഈ അഴിച്ചുപണിയിലൂടെ നല്‍കുന്നത്. മെറിറ്റിനും അന്വേഷണ മികവിനും മുന്‍ഗണന നല്‍കി, തഴയപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്ന ചെന്നിത്തലയുടെ ഈ ശൈലി പോലീസ് സേനയ്ക്ക് പുതിയ വീര്യം പകരുന്നതാണ്. കേരള പോലീസിലെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള രണ്ട് ജനകീയ മുഖങ്ങള്‍ക്കാണ് ഈ അഴിച്ചുപണിയിലൂടെ ഏറ്റവും സുപ്രധാനമായ പദവികള്‍ കൈവന്നിരിക്കുന്നത്. ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ നിയമനങ്ങള്‍.
ദീര്‍ഘകാലം പോലീസിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പി. വിജയന്‍, ഇന്റലിജന്‍സ് തലപ്പത്തുനിന്നാണ് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന ഏറ്റവും ശക്തമായ കസേരയിലേക്ക് എത്തുന്നത്. മുന്‍പ് കടുത്ത സംഘടനാ സമ്മര്‍ദ്ദങ്ങളാല്‍ തഴയപ്പെട്ട ഇദ്ദേഹത്തെ ഏറ്റവും പ്രധാന തസ്തികയിലേക്ക് നിയോഗിച്ചതിലൂടെ ആഭ്യന്തര വകുപ്പിന്റെ കൃത്യമായ ദീര്‍ഘവീക്ഷണം വ്യക്തമാണ്. നവകേരള നിര്‍മ്മിതിക്കും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനുമായി അദ്ദേഹം തുടക്കമിട്ട ‘സ്റ്റുഡന്റ് പോലീസ് കേഡറ്റ്’ പദ്ധതി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിജിപി കഴിഞ്ഞാല്‍ വകുപ്പിലെ ഏറ്റവും നിര്‍ണ്ണായക പദവിയാണ് ക്രമസമാധാന ചുമതല. സൈബര്‍ ഓപ്പറേഷന്‍സിന്റെ അധിക ചുമതല കൂടി ലഭിച്ചതോടെ സംസ്ഥാനത്തെ ക്രൈം നിയന്ത്രണത്തിന്റെ പൂര്‍ണ്ണ കമാന്‍ഡ് പി. വിജയന്റെ കൈകളിലേക്ക് ചുരുങ്ങുകയാണ്.
കരിയറിലുടനീളം വന്‍കിട കേസുകളുടെ അന്വേഷണ മികവിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് എ.പി. ഷൗക്കത്തലി. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ പലപ്പോഴും ലൂപ്പ് ലൈനുകളിലേക്ക് മാറ്റപ്പെട്ട ഷൗക്കത്തലിയെ കോഴിക്കോട് നഗരത്തിന്റെ ക്രമസമാധാന പാലനത്തിനായി കമ്മീഷണര്‍ പദവിയില്‍ ചെന്നിത്തല തിരികെ പ്രതിഷ്ഠിക്കുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഏറ്റവും കടുപ്പമേറിയതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ കേസുകള്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. കോഴിക്കോട് സിറ്റി കമ്മീഷണര്‍ പദവി അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ അംഗീകാരമാണ്.
പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിനെ ജയില്‍ മേധാവിയായും, ബല്‍റാം കുമാര്‍ ഉപാധ്യായയെ ജയില്‍ മേധാവി സ്ഥാനത്തുനിന്നും ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായും മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന എച്ച്. വെങ്കിടേഷിന് അതേ തസ്തികയില്‍ പൂര്‍ണ്ണ ചുമതല നല്‍കിയപ്പോള്‍, ദിനേന്ദ്ര കശ്യപിനെ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നും പുതിയ ഇന്റലിജന്‍സ് എഡിജിപി ആയി മാറ്റി നിയമിച്ചു. ഐജി റാങ്കില്‍ ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് വിഭാഗത്തില്‍ നിന്ന് മാറ്റി പോലീസ് ആസ്ഥാനത്തെ ഐജി ആക്കി. ഇന്റലിജന്‍സ് ഐജിയായിരുന്ന എസ്. ശ്യാം സുന്ദറിനെ പുതുതായി സൃഷ്ടിച്ച ക്രൈംബ്രാഞ്ച് ഐജി തസ്തികയിലും, ആര്‍. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജന്‍സ് ഐജി ആയും മാറ്റി.
ഡിഐജി റാങ്ക്: കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ചിലേക്കും, തൃശൂര്‍ റേഞ്ചിലെ ടി. നാരായണനെ കണ്ണൂര്‍ റേഞ്ചിലേക്കും മാറ്റി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തികിനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയി നിയമിച്ചപ്പോള്‍, എറണാകുളം റേഞ്ചിലെ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയാണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍.
എസ്പി, കമ്മീഷണര്‍ റാങ്ക്: മെറിന്‍ ജോസഫിനെ കോഴിക്കോട് സിറ്റി കമ്മീഷണര്‍ സ്ഥാനത്തുനിന്നും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ബി.കെ. പ്രശാന്തനാണ് പുതിയ തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി. ഇടുക്കി എസ്പി കെ.എം. സാബു മാത്യുവിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയായും, ഷാജി സുഗുണനെ കൊല്ലം റൂറല്‍ പോലീസ് മേധാവിയായും, ടി.കെ. വിഷ്ണു പ്രദീപിലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു.
എ. അബ്ദുല്‍ റഷീദ് പുതിയ പാലക്കാട് ജില്ലാ പോലീസ് മേധാവിയാകും. എസ്. ദേവ മനോഹര്‍ വയനാട് ജില്ലാ പോലീസ് മേധാവിയാകുമ്പോള്‍, ബി. കൃഷ്ണ കുമാറിനെ റെയില്‍വേ എസ്പി ആയി മാറ്റി. കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ പി. നിതിന്‍രാജിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചപ്പോള്‍ കാസര്‍കോട് എസ്പി ബി.വി. വിജയ ഭാരത് റെഡിയാണ് പുതിയ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍. അനുജ് പലിവാലിനെ പോലീസ് ആസ്ഥാനത്ത് ലോ ആന്‍ഡ് ഓര്‍ഡര്‍ എഐജി ആയും, ടി. ഫറാഷിനെ എറണാകുളം കോസ്റ്റല്‍ പോലീസ് എഐജി ആയും നിയമിച്ചു.
എം.പി. മോഹനചന്ദ്രന്‍ നായരെ കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും, മുഹമ്മദ് നദീമുദ്ദീനെ തൃശൂര്‍ റൂറലും, ഉമേഷ് ഗോയലിനെ കണ്ണൂര്‍ റൂറലും ജില്ലാ പോലീസ് മേധാവിമാരായി നിയമിച്ചു. ഡോ. എ. നസീം പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവിയാകുമ്പോള്‍, സി.എസ്. ഷാഹുല്‍ ഹമീദിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയായും നിയമിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഓടയില്‍ വീണ മോതിരം കാത്ത് ശ്യാമള നിന്നു; രക്ഷകരായി അഗ്നിരക്ഷാ സേന; രണ്ടര മണിക്കൂര്‍ നീണ്ട ‘സുവര്‍ണ്ണ’ ദൗത്യം; ശ്രമകരമായ ദൗത്യം വിജയമായപ്പോള്‍




