തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകളുടെയും ഉദ്യോഗസ്ഥപ്പോരുകളുടെയും ചതുരംഗക്കളത്തില്‍ വീഴ്ത്താന്‍ നോക്കിയവര്‍ക്ക് മുന്നിലൂടെ നെഞ്ച് വിരിച്ച് കാക്കിയിലെ രണ്ട് കരുത്തര്‍ ഉന്നത പദവികളിലേക്ക് തിരിച്ചെത്തുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനും, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി എ.പി. ഷൗക്കത്തലിയും ഒരേസമയം നിയമിതരാകുന്നത് വെറുമൊരു സ്ഥലംമാറ്റമല്ല, മറിച്ച് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാവ്യനീതിയാണ്. തങ്ങളെ തളയ്ക്കാന്‍ നോക്കിയ പ്രതിസന്ധികളെയും സസ്പെന്‍ഷനുകളെയും അവഗണനകളെയും അതിജീവിച്ച് കഠിനാധ്വാനവും നീതിബോധവും കൊണ്ട് ഇവര്‍ നടത്തിയ തിരിച്ചുവരവ് സേനയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതാണ്.
സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും കഠിനപ്രയത്നം കൊണ്ടുമാത്രം വിജയത്തിന്റെ പടവുകള്‍ കയറിയ വ്യക്തിയാണ് പി. വിജയന്. പഠിക്കുന്ന കാലത്തുതന്നെ കുടുംബം പുലര്‍ത്താന്‍ കെട്ടിടം പണിക്ക് പോകേണ്ടി വന്ന കഠിനമായ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. കൂട്ടുകാര്‍ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോള്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പത്തില്‍ പഠിപ്പ് നിര്‍ത്തി കോഴിക്കോട്ടെ പുത്തൂര്‍മഠമെന്ന ഗ്രാമത്തില്‍ കല്ലുചെത്തി ചുമരു കെട്ടാനിറങ്ങിയ ആ പതിനഞ്ചുകാരന് പിന്നീട് ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. കല്ലും മണ്ണും ചുമന്ന ആ കൈകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു; മനസ്സിന്റെ ആ നന്മയും സത്യസന്ധതയും പിന്നീട് അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും ഉന്നതമായ സിവില്‍ സര്‍വീസിലേക്ക് നയിച്ചു.
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി വിജയന് രൂപം നല്കിയ ‘സ്റ്റുഡന്റ് പോലീസ് കേഡറ്റ്’ (ടജഇ) പദ്ധതി ഇന്ന് ദേശീയതലത്തില്‍ തന്നെ മാതൃകയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ പ്രമാദമായ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് അദ്ദേഹം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ട് അദ്ദേഹം തുടങ്ങിയ ‘പുണ്യം പൂങ്കാവനം’ പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും തന്റെ ‘മന് കി ബാത്’ പരിപാടിയിലൂടെ പ്രശംസിച്ചിരുന്നു. ‘മനസ്സുണ്ടോ വഴിയുണ്ടെന്ന്’ വിശ്വസിച്ച കാക്കിക്കുള്ളിലെ ഈ നന്മമരം 2015-ല്‍ വലിയ ജനപ്രീതി നേടി സേനയുടെ താരമായി തിളങ്ങി നില്‍ക്കുകയായിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ എലത്തൂര്‍ തീവണ്ടി വെപ്പ് കേസ് വിവാദം ഉണ്ടാകുന്നത്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന വിജയന്, കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്നതായിരുന്നു ഉയര്‍ന്ന ആരോപണം. കല്ലും മണ്ണും ചുമന്ന് കെട്ടിപ്പടുത്ത ആ സത്യസന്ധത കാണാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല; 2023-ല്‍ വിജയനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്. അജിത് കുമാറിന്റെ വ്യക്തിപരമായ പകപോക്കലുകളാണ് ഈ സസ്പെന്‍ഷനിലേക്ക് വഴിതെളിച്ചതെന്ന ശക്തമായ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് തെളിയിച്ച് ഇന്റലിജന്‍സ് തലവനായി തിരിച്ചെത്തിയ വിജയന്, ഇപ്പോള്‍ അജിത് കുമാര്‍ ഇരുന്ന അതേ ക്രമസമാധാന ചുമതലയുള്ള എഡിജിപി കസേരയിലേക്ക് നിയമിതനാകുന്നത് ഒരു കാവ്യനീതിയാണ്. ഈ പോരാട്ടങ്ങളിലെല്ലാം പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ ഡോ. ബി. ബീന അദ്ദേഹത്തിന് ശക്തമായ പിന്തുണയേകി ഒപ്പമുണ്ടായിരുന്നു.
പി. വിജയന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയേല്‍ക്കുമ്പോള്‍, രാഷ്ട്രീയ അക്രമങ്ങളുടെയും വടംവലികളുടെയും കേന്ദ്രമായ കോഴിക്കോട് നഗരത്തെ ഭദ്രമാക്കാന്‍ എത്തുന്നത് മറ്റൊരു ഉരുക്കുമനുഷ്യനായ എ.പി. ഷൗക്കത്തലിയാണ്. 1995-ല്‍ സബ് ഇന്‍സ്പെക്ടര്‍ ബാച്ചിലെ ഒന്നാം റാങ്കുകാരനായി സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ മുതല്ക്കേ മികച്ച ഉദ്യോഗസ്ഥനെന്ന ഖ്യാതി നേടിയ ഇദ്ദേഹം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പരമോന്നത പുരസ്കാരം നേടിയ പ്രതിഭയാണ്. പ്രതിസന്ധികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് കൃത്യനിര്‍വ്വഹണം നടത്തുന്നതില്‍ ഷൗക്കത്തലി എന്നും മുന്‍പന്തിയിലാണ്.
ഷൗക്കത്തലിയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും സി.പി.എമ്മിന്റെ കണ്ണിലെ കരടാക്കി മാറ്റിയതുമായ ദൗത്യം ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണമായിരുന്നു. വടകര ഒഞ്ചിയത്തെ ആര്‍എംപി നേതാവിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനച്ചുരുളുകള് അഴിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിലെ പ്രധാന കണ്ണിയായിരുന്നു അദ്ദേഹം. മുടക്കോഴി മലയില്‍ ഒളിച്ചിരുന്ന കൊലയാളി സംഘത്തിലെ തലവന്‍ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് എന്നിവരെ അഴിക്കുള്ളിലാക്കിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഇതിനേക്കാളൊക്കെ രാഷ്ട്രീയകേരളത്തില്‍ കോളിളക്കമുണ്ടാക്കിയത് കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അന്നത്തെ സി.പി.എം കോഴിക്കോട് മുന്‍ ജില്ലാസെക്രട്ടറി പി. മോഹനന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായിരുന്നു.
ടി.പി. കേസിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് (എന്‍.ഐ.എ) മാറിയ ഷൗക്കത്തലി അവിടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലെ ‘സ്പെഷ്യലിസ്റ്റ്’ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട കനകമല കേസ്, തമിഴ്നാട്ടിലെ വിവിധ ഭീകരവാദ കേസുകള്‍ എന്നിവ വിജയകരമായി അന്വേഷിച്ചതില്‍ ഷൗക്കത്തലിക്ക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ അതിരുകള്‍ കടന്ന്, ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പാരീസ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എന്‍.ഐ.എയിലെ ഈ നീണ്ടകാലത്തെ സേവനം അദ്ദേഹത്തിന് വലിയ അന്താരാഷ്ട്ര അനുഭവസമ്പത്താണ് നല്‍കിയത്.
ദേശീയ ഏജന്‍സിയിലെ ഡെപ്യൂട്ടേഷന് കാലാവധി കഴിഞ്ഞ് കേരള പോലീസിലേക്ക് തിരിച്ചെത്തിയ ഷൗക്കത്തലിക്ക് സി.പി.എം നേതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുത്തതിന്റെ പേരില്‍ അന്നത്തെ ഭരണകൂടത്തില്‍ നിന്നും വലിയ അവഗണന നേരിടേണ്ടി വന്നിരുന്നു. പ്രധാന പദവികളൊന്നും നല്‍കാതെ മാറ്റിനിര്‍ത്തിയെങ്കിലും നിയമത്തിന്റെ വഴിയില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. നിലവില്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി നില്ക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് നവകേരള യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിന്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന് കൂടിയാണ് ഷൗക്കത്തലി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെ പോലും വിരല്‍ ചൂണ്ടുന്ന അന്വേഷണത്തിനാണ് അദ്ദേഹം ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്.
രാഷ്ട്രീയ വടംവലികള്‍ക്കും പകപോക്കലുകള്‍ക്കും ഒടുവില്‍ യോഗ്യതയും നീതിയും ജയിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങള്‍. രാഷ്ട്രീയ അക്രമങ്ങള്‍ക്കും ഗുണ്ടാവിളയാട്ടങ്ങള്‍ക്കും പലപ്പോഴും വേദിയാകാറുള്ള കോഴിക്കോട് നഗരത്തില്‍, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഷൗക്കത്തലിയെപ്പോലൊരു ഉദ്യോഗസ്ഥന് എത്തുമ്പോള്‍ അത് അക്രമികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിയമത്തിന് മുന്നില്‍ രാഷ്ട്രീയ നിറങ്ങള്‍ നോക്കാതെ നടപടിയെടുക്കുമെന്ന അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം തന്നെയാണ് കോഴിക്കോട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില അതീവ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ വേളയില്‍, പി. വിജയനെപ്പോലൊരു ജനകീയനും ദീര്‍ഘവീക്ഷണമുള്ളതുമായ ഉദ്യോഗസ്ഥന് ക്രമസമാധാന ചുമതലയിലേക്ക് വരുന്നതും ഷൗക്കത്തലി കോഴിക്കോട് സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും പോലീസ് സേനയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. മുന്‍വിധികളില്ലാത്ത പ്രവര്‍ത്തന ശൈലിയും താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള സമ്പര്‍ക്കവും വരുംദിവസങ്ങളില്‍ കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അഞ്ചു പിടിക്കാന്‍ അമിത് ഷാ; പത്തു കടന്നാല്‍ ‘പടയോട്ടം’; കേരളത്തില്‍ താമര വിരിയുമോ?





