കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രതിഛായ’യെക്കുറിച്ചുള്ള പ്രൊപ്പഗണ്ട ആരോപണങ്ങളിൽ വ്യക്തമായ മറുപടിയുമായി സംവിധായകൻ രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിലാണ് ചിത്രം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രചാരണത്തിന് വേണ്ടിയുള്ളതല്ലെന്ന് അദ്ദേഹം തുറന്നടിച്ചത്. കേരളത്തിലെ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ, പ്രഖ്യാപന സമയം മുതൽ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.
ഇത്രയധികം രൂപ കടം വാങ്ങി ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സിനിമ എടുക്കാൻ മാത്രം ബഹുമാനം തനിക്ക് ആരോടുമില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വലിയ മുതൽമുടക്കുള്ള ചിത്രമായതിനാൽ തന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നിർണ്ണായക സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ കാണുന്ന പല ആളുകളുടെയും സംഭവങ്ങളുടെയും ഛായ സിനിമയിലുണ്ടായേക്കാമെങ്കിലും ചിത്രം നൂറ് ശതമാനം ഫിക്ഷനാണെന്നും, എന്നാൽ കേരള രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് പറയാനുള്ള ചില കാര്യങ്ങൾ സിനിമ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ബാലചന്ദ്ര മേനോന്റെ ശ്രദ്ധേയമായ തിരിച്ചുവരവ് പ്രഖ്യാപിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻ പിള്ള രാജു, ആൻ അഗസ്റ്റിൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസും ആർ.ഡി. ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന് കരുത്തേകുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ പ്രമേയമാകുന്ന ചിത്രം വരും ദിവസങ്ങളിൽ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ ചിത്രം ‘ഒറ്റക്കൊമ്പൻ’; ഈസ്റ്റർ ദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു


യാഷ് ചിത്രത്തിന്റെ ടീസർ പിൻവലിക്കണം! ‘ടോക്സിക്കി’നെതിരെ വനിതാ കമ്മീഷനിൽ പരാതി; അശ്ലീലതയും സ്ത്രീവിരുദ്ധതയുമെന്ന് ആരോപണം





