തിരുവനന്തപുരം: ശബരിമലയിലെ പവിത്രമായ ശ്രീകോവിലില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന തങ്കവും സ്വര്‍ണ്ണപ്പാളികളും കവര്‍ച്ച ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എല്‍.ഡി.എഫ് നേതാവുമായ പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയിലെത്തി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാറിന്റെ അറസ്റ്റും തൊട്ടുപിന്നാലെ എസ്.പി ശശിധരന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി.
പൂജപ്പുരയിലെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നിര്‍ണ്ണായക നടപടി. അഭിഭാഷകനും സുഹൃത്തുക്കള്‍ക്കുമൊപ്പം സ്വകാര്യ വാഹനത്തിലാണ് അജികുമാര്‍ പോലീസ് ക്ലബ്ബില്‍ ഹാജരായത്. ഇരുവരെയും ഒന്നിച്ചിരുത്തി തെളിവുകള്‍ നിരത്തി നടത്തിയ ചോദ്യം ചെയ്യലില്‍ വന്‍ ഗൂഢാലോചന വെളിപ്പെട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയത്. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികളും ശ്രീകോവിലിലെ തങ്കവും അറ്റകുറ്റപ്പണിക്കെന്ന വ്യാജേന ചെന്നൈയിലേക്ക് കടത്തിയ കേസില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെയാണ് എസ്.ഐ.ടി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നീങ്ങിയത്.
ശബരീമലയിലെ ഭഗവാന്റെ നടയില്‍ നടന്ന ഈ സമാനതകളില്ലാത്ത കവര്‍ച്ച വെളിച്ചത്തായതോടെ, പ്രതിസ്ഥാനത്തുനില്ക്കുന്ന പി.എസ്. പ്രശാന്ത് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതരേഖയും അതിനുപിന്നിലെ ചതിയുടെയും അവസരവാദത്തിന്റെയും കറുത്ത ഏടുകളും വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്. ഒരുകാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചോടു ചേര്‍ന്നുനിന്ന വിശ്വസ്തനില്‍ നിന്നും, ഒടുവില്‍ സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായി ജയിലഴികള്‍ക്കുള്ളിലേക്ക് വഴിമാറിയ പ്രശാന്തിന്റെ പതനം കടുത്ത രാഷ്ട്രീയ വിശകലനങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന പ്രശാന്ത് ഒരുകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ തണലിലാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് രാഷ്ട്രീയ അടിത്തറയുണ്ടാക്കിയത്. ഗുരുതരമായ രോഗം ബാധിച്ച് ശ്രീചിത്ര ആശുപത്രിയില്‍ ജീവനും മരണത്തിനുമിടയില്‍ പ്രശാന്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍, ആ ശസ്ത്രക്രിയ പൂര്‍ത്തിയാകും വരെ പ്രശാന്തിന്റെ കുടുംബത്തിന് താങ്ങായി മണിക്കൂറുകളോളം ആശുപത്രി വരാന്തയില്‍ കുത്തിയിരുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. സ്വന്തം മകനെപ്പോലെ പ്രശാന്തിനോട് കാണിച്ച ഈ അഗാധമായ വാത്സല്യവും അനുകമ്പയുമാണ് അദ്ദേഹത്തിന് കോണ്‍ഗ്രസിനുള്ളില്‍ വലിയ മേല്‍ക്കൈ നല്‍കിയത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സീറ്റിനായി പാര്‍ട്ടിയില്‍ വന്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മുതിര്‍ന്ന നേതാവ് പാലോട് രവി മണ്ഡലത്തില്‍ വീണ്ടും മത്സരരംഗത്തേക്ക് വരാന്‍ കരുക്കള്‍ നീക്കിയെങ്കിലും, അദ്ദേഹത്തിന്റെ ശക്തമായ എതിര്‍പ്പുകളെ പോലും വകവെക്കാതെ പ്രശാന്തിനായി ഉമ്മന്‍ ചാണ്ടി പടപൊരുതുകയായിരുന്നു. ഒടുവില്‍ നെടുമങ്ങാട് പ്രശാന്തിന് സീറ്റ് വാങ്ങി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രശാന്ത് വന്‍ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിനോട് തോറ്റു തുന്നംപാടിയത്.
അത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും ഉമ്മന്‍ ചാണ്ടി പ്രശാന്തിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. തോല്‍വിക്ക് ശേഷവും ആ കുടുംബം സാമ്പത്തികമായി തകര്‍ന്നുപോകാതിരിക്കാന്‍ പ്രശാന്തിന്റെ അടുത്ത ബന്ധുവിന് സുരക്ഷിതമായ ജോലിയും വാങ്ങി നല്കി സംരക്ഷിച്ചു. എന്നാല്‍, ഉമ്മന്‍ ചാണ്ടി നല്കിയ ആ കരുണയുടെയും രാഷ്ട്രീയ സംരക്ഷണത്തിന്റെയും തണല്‍ പ്രശാന്ത് വളരെ വേഗത്തില്‍ മറന്നു. തനിക്ക് മികച്ച പദവികളും രാഷ്ട്രീയ ഭാവിയും വാഗ്ദാനം ചെയ്ത സിപിഎമ്മിലേക്ക് കൂടുമാറാന്‍ അദ്ദേഹം അണിയറയില്‍ ചരടുവലികള്‍ തുടങ്ങി.
പ്രശാന്ത് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോകാനൊരുങ്ങുന്നുവെന്ന വിവരമറിഞ്ഞ്, യാഥാര്‍ത്ഥ്യം ചോദിച്ചറിയാനും തടയാനുമായി ഉമ്മന്‍ ചാണ്ടി തന്നെ സ്വന്തം ഫോണില്‍ നിന്ന് പ്രശാന്തിനെ നേരിട്ട് വിളിച്ചു. എന്നാല്‍ പ്രശാന്ത് ആ ഫോണ്‍ കോളുകള്‍ ബോധപൂര്‍വ്വം നിരസിച്ചു. തുടര്‍ന്ന് പേഴ്സണല്‍ ഗണ്‍മാന്റെ ഫോണില്‍ നിന്നും വിളിച്ചെങ്കിലും പ്രശാന്ത് കോള്‍ കട്ട് ചെയ്തു. ഒടുവില്‍ അവിടെയുണ്ടായിരുന്ന ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് വിളിപ്പിച്ചപ്പോള്‍ പ്രശാന്ത് ക്ഷണനേരം കൊണ്ട് ഫോണ്‍ എടുക്കുകയായിരുന്നു.
താന്‍ സ്വന്തം മകനെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത വിശ്വസ്തന് തന്നെ പൂര്‍ണ്ണമായി ഒഴിവാക്കിയതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഉമ്മന്‍ ചാണ്ടിയുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. പ്രശാന്തുമായുള്ള ആ ചെറിയ ഫോണ്‍ ??ഭാഷണത്തിന് ശേഷം, നെടുവീര്‍പ്പോടെ കണ്ണ് നിറഞ്ഞ് കണ്ണീരു തുടച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ അന്ന് പുതുപ്പള്ളി ഹൗസിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. പിതൃതുല്യനായ നേതാവിനെ കണ്ണ് കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് പ്രശാന്ത് തന്റെ ചുവപ്പുമാറ്റം പൂര്‍ത്തിയാക്കിയത്.
സിപിഎമ്മില്‍ ചേക്കേറിയ പ്രശാന്തിന് അധികം വൈകാതെ തന്നെ പാര്‍ട്ടിയും ഭരണനേതൃത്വവും വലിയ സമ്മാനം നല്കി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി. ദേവസ്വം ബോര്‍ഡിന്റെ അമരത്തെത്തിയ പ്രശാന്ത് അവിടുന്ന് അങ്ങോട്ട് കാണിച്ചുകൂട്ടിയ രാഷ്ട്രീയ നാടകങ്ങളാണ് ഒടുവില്‍ അദ്ദേഹത്തെ ഈ വന്‍ ദുരന്തത്തിലേക്ക് തള്ളിയിട്ടത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പ്രീതി സമ്പൂര്‍ണ്ണമായി പിടിച്ചുപറ്റാനും, ഭരണനേതൃത്വത്തിന്റെ കണ്ണിലുണ്ണിയാകാനുമായി മുഷ്ടി ചുരുട്ടി ശരണം വിളിച്ച് പ്രശാന്ത് നടത്തിയ പ്രകടനങ്ങള്‍ ബോര്‍ഡിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വവും വിവാദപരവുമായ കാഴ്ചയായിരുന്നു.
ഭരണതലത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തുന്നതിനും വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നതിനും വേണ്ടിയാണ് പ്രശാന്ത് ആഗോള അയ്യപ്പ സംഗമം ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. എന്നാല്‍ ഈ അതിരുവിട്ട രാഷ്ട്രീയ ബുദ്ധികളും നീക്കങ്ങളും അമ്പേ പാളുകയും, ശബരിമല വിഷയത്തില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന് വന്‍ ജനരോഷവും വലിയ തിരിച്ചടിയും നേരിടേണ്ടി വരികയും ചെയ്തു. ഇതിനുപിന്നാലെ സംസ്ഥാനത്തുണ്ടായ ഭരണമാറ്റവും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതും കേസന്വേഷണത്തിന് പുതിയ തിരിവ് നല്കി.
2025-ലാണ് ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും ശ്രീകോവിലിലെയും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും തങ്കപ്പാളികളും അറ്റകുറ്റപ്പണിക്കെന്ന വ്യാജേന അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കടത്തുന്നത്. 2019-ല്‍ നടന്ന പഴയ സ്വര്‍ണ്ണ അപഹരണം മറച്ചുപിടിക്കാനും, ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണറെപ്പോലും തികച്ചും ഇരുട്ടില്‍ നിര്‍ത്തി വ്യാജരേഖകള്‍ ചമച്ചാണ് പ്രശാന്തിന്റെ നേതൃത്വത്തില്‍ ഈ പകല്‍ക്കൊള്ള നടന്നതെന്ന് അന്വേഷണ സംഘം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി ചേര്‍ന്ന് വന്‍ ഗൂഢാലോചനയാണ് പ്രശാന്തും ബോര്‍ഡ് അംഗങ്ങളും നടത്തിയത്. ഭരണസ്വാധീനം ഉപയോഗിച്ച് ഹൈക്കോടതിയെയും സ്പെഷ്യല്‍ കമ്മീഷണര്‍ ജഡ്ജി ജയകൃഷ്ണനെയും വിവരങ്ങളൊന്നും അറിയിക്കാതെ, ബോര്‍ഡിന്റെ മിനിറ്റ്സുകളില്‍ തിരുത്തല്‍ വരുത്തിയാണ് കോടികളുടെ സ്വര്‍ണ്ണം കടത്തിയത്. അന്ന് എല്‍.ഡി.എഫ് ഭരണം നിലവിലുണ്ടായിരുന്നതിനാല്‍ പോലീസിന് കൈകെട്ടി നില്‍ക്കേണ്ടി വന്നതോടെയാണ് പ്രശാന്ത് താല്‍ക്കാലികമായി രക്ഷപ്പെട്ടത്.
എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ പൂര്ണ്ണമായുംൊഴിഞ്ഞു. വി.ഡി. സതീശന് മുഖ്യമന്ത്രിയായ യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചു. ഇതിനൊപ്പം ഹൈക്കോടതിയുടെ കര്‍ശനമായ മേല്‍നോട്ടവും നിരീക്ഷണവും കേസില്‍ നിര്‍ണ്ണായകമായി. ബോര്‍ഡിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവിഹിതമായി സ്വര്‍ണ്ണം കൈമാറിയതില്‍ പ്രശാന്തിനുള്ള നേരിട്ടുള്ള പങ്കും ഭരണഘടനാപരമായ പദവിയുടെ ലംഘനവും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
അറസ്റ്റിന് തൊട്ടുമുമ്പ് താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നും, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ വാദിക്കാന്‍ പ്രശാന്ത് ശ്രമിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ നിരത്തി എസ്.ഐ.ടി അത് പൊളിച്ചടുക്കി. പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിയുമായി പ്രശാന്ത് നടത്തിയ അവിഹിത ഫോണ്‍ കോളുകളുടെ വിവരങ്ങളും, തിരുത്തിയ ഫയലുകളിലെ ഒപ്പുകളും എസ്.ഐ.ടി ശാസ്ത്രീയമായി പരിശോധിച്ച് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ക്ക് ശേഷം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുടുങ്ങുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മൂന്നാമത്തെ മുന്‍ പ്രസിഡന്റാണ് പി.എസ്. പ്രശാന്ത്. എല്‍.ഡി.എഫ് ഭരണകാലത്ത് ബോര്‍ഡിന്റെ തലപ്പത്തിരുന്ന മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി അഴിക്കുള്ളിലാകുന്നത് സിപിഎമ്മിനെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് അനന്തഗോപന്‍ മാത്രമാണ് നിലവില്‍ ഈ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്.
അതേസമയം, 2025-ല്‍ ബോര്‍ഡില്‍ ഭരണം നടത്തിയ മുഴുവന്‍ ഭരണസമിതി അംഗങ്ങളിലേക്കും അന്വേഷണം നീളുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ അറസ്റ്റ് ഉണ്ടായേക്കും. ഒപ്പം, സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തിന്റെ പങ്കിനെക്കുറിച്ചുള്ള പ്രത്യേക അന്വേഷണവും പുരോഗമിക്കുകയാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുമോ എന്ന വലിയ ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. സ്നേഹിച്ച പ്രസ്ഥാനത്തെയും വളര്‍ത്തിയ നേതാവിനെയും വഞ്ചിച്ചുകൊണ്ട് കെട്ടിപ്പടുത്ത പ്രശാന്തിന്റെ സാമ്രാജ്യമാണ് ശബരിമല അയ്യപ്പന്റെ നടയില്‍ നടന്ന കവര്‍ച്ച വെളിച്ചത്തായതോടെ അടിയോടെ തകര്‍ന്ന്, ഒടുവില്‍ അഴിക്കുള്ളിലാകാന്‍ ഇടയാക്കിയിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നവകേരള കേസ് അട്ടിമറി: എഡിജിപി അജിത് കുമാറിനെതിരെ എസ്ഐടി റിപ്പോർട്ട്; ഉടൻ സസ്പെൻഷന് സാധ്യത; അജിത് കുമാറിനെ കൈയൊഴിഞ്ഞ് രമേശ് ചെന്നിത്തല





