കമ്മീഷന്‍ ഓഫീസില്‍ ‘ബിജെപി സീല്‍’; വീണത് ബോധപൂര്‍വ്വമായ ചതിയോ? തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ‘രാഷ്ട്രീയ ഓഡിറ്റിംഗിന്’ നീക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച ഔദ്യോഗിക കത്തില്‍ ബിജെപി സംസ്ഥാന സമിതിയുടെ സീല്‍ പതിഞ്ഞ സംഭവം വെറുമൊരു സാങ്കേതിക പിശകല്ലെന്നും കൃത്യമായ പ്ലാനിംഗോടെ നടന്ന ‘ചതി’യാണെന്നും വിലയിരുത്തല്‍. ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ വീഴ്ചയില്‍ അഡീഷണല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പി.ബി. നൂഹിന് അന്വേഷണച്ചുമതല നല്‍കി. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഡെപ്യൂട്ടേഷനില്‍ കമ്മീഷന്‍ ഓഫീസിലെത്തുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്‌വും സംഘടന പ്രവര്‍ത്തനവും അതിരുവിടുന്നു എന്ന പരാതി ശക്തമായതോടെ, ജീവനക്കാരെക്കുറിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷന്‍ ഒരുങ്ങുകയാണ്.
സെക്രട്ടേറിയറ്റില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഒരു ഉദ്യോഗസ്ഥനെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും കമ്മീഷന്‍ തൃപ്തരല്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇത്തരമൊരു കത്ത് പുറത്തുപോകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപി നല്‍കിയ കത്തിലെ സീല്‍ പതിഞ്ഞ പകര്‍പ്പ് എങ്ങനെ കമ്മീഷന്റെ ഔദ്യോഗിക മറുപടിയില്‍ കടന്നുകൂടി എന്നത് ദുരൂഹമാണ്. വീഴ്ച തെളിഞ്ഞാല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ നടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ വ്യക്തമാക്കി.
വിവാദ കത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കത്തിന്റെ ചിത്രം നീക്കം ചെയ്യാന്‍ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിനോട് പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയക്കുന്നതിനെതിരെ ജനാധിപത്യ വിരുദ്ധമെന്ന ആരോപണം ശക്തമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വരെ കേരള പോലീസ് നോട്ടീസ് അയച്ചതായാണ് വിവരം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നെത്തുന്ന പല ഉദ്യോഗസ്ഥരും കടുത്ത രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരാണെന്നും അവര്‍ കമ്മീഷന്‍ പോലുള്ള നിക്ഷ്പക്ഷ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ തങ്ങളുടെ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നും പരാതിയുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഇത്തരം ‘രാഷ്ട്രീയ വൈറസുകളെ’ കമ്മീഷനില്‍ നിന്ന് നീക്കം ചെയ്യാനാണ് ഓഡിറ്റിംഗിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകളും ഫയല്‍ നീക്കങ്ങളും പി.ബി. നൂഹ് പരിശോധിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബിനാമികളായി മാറുന്നു എന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാകുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. അന്താരാഷ്ട്ര തലത്തില്‍ പോലും നാണക്കേടുണ്ടാക്കിയ ഈ വീഴ്ചയില്‍ കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.