തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക് പോയി. ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ കൂട്ടസ്ഥലംമാറ്റങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ശക്തമായി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച് ക്രൂരവും മനുഷ്യത്വരഹിതവുമായ രീതിയിലാണ് നിലവില്‍ സ്ഥലംമാറ്റിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചു. ‘ഗുരുതരമായ രോഗം ബാധിച്ചവരെയും, നിലവില്‍ ചികിത്സയില്‍ കഴിയുന്നവരെയും, വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളവരെയും പോലും ദയവില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. അന്യായമായ ഈ പ്രതികാര നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണം. നവമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ വെറുതെ ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാത്രം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്.’-പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു.
പ്രതിപക്ഷത്തെ വി. ജോയിയാണ് ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് പ്രതികാര നടപടിയല്ലെന്നും ഭരണസൗകര്യത്തിന് വേണ്ടിയുള്ള തികച്ചും സ്വാഭാവികമായ സ്ഥലം മാറ്റങ്ങള്‍ മാത്രമാണെന്നും മന്ത്രി സണ്ണി ജോസഫ് സഭയെ അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ന്യായമായ പരാതികള്‍ വരുംദിവസങ്ങളില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
മന്ത്രിയുടെ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ഭരണമാറ്റത്തിന് പിന്നാലെ വലിയൊരു രാഷ്ട്രീയ പോരാട്ടത്തിനാണ് സെക്രട്ടേറിയറ്റും നിയമസഭയും ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?





