തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് കേരഫെഡിലും മില്‍മയിലും വഴിവിട്ട കരാറുകള്‍ നല്‍കിയെന്ന ഗുരുതരമായ അഴിമതി ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്. മന്ത്രിക്കും ഭാര്യയ്ക്കുമെതിരെ ഉയര്‍ന്ന സ്വജനപക്ഷപാത ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്രകുത്തി തള്ളാനാണ് സര്‍ക്കാര്‍ നീക്കം. നിലവിലെ സാഹചര്യത്തില്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം.
മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വില്‍ക്കുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന കേരഫെഡിന്റെ സാങ്കേതിക വിശദീകരണം ആയുധമാക്കിയാണ് സര്‍ക്കാര്‍ ഈ നീക്കത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍, വിദേശ വിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മറ്റ് കമ്പനികള്‍ക്കൊന്നും നല്‍കാത്ത ഇളവുകള്‍ മന്ത്രിപത്‌നിയുടെ ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് മാത്രം നല്‍കിയത് ക്രമവിരുദ്ധമാണെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്.
ഗണേഷ് കുമാര്‍ മന്ത്രിയായതിന് പിന്നാലെയാണ് ബിന്ദു മേനോന്റെ കമ്പനിക്ക് ലക്ഷങ്ങളുടെ സര്‍ക്കാര്‍ ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയതെന്ന് ജിഎസ്ടി രേഖകള്‍ വ്യക്തമാക്കുന്നു. 2025 ജനുവരിയില്‍ മാത്രം 13.92 ലക്ഷത്തിന്റെ വെളിച്ചെണ്ണ കേരഫെഡില്‍ നിന്ന് ഈ കമ്പനി വാങ്ങി. സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായതായും 15% കമ്മീഷന്‍ അനുവദിച്ചതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മില്‍മയുമായും 43.98 ലക്ഷത്തിന്റെ ഇടപാടുകളാണ് ചുരുങ്ങിയ കാലയളവില്‍ നടന്നത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ വിവരം മറച്ചുവെച്ചതും കുടപ്പനക്കുന്നിലെ മന്ത്രിയുടെ വീട്ടുപേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതും ഗുരുതരമായ ചട്ടലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ താല്‍പ്പര്യപ്പെട്ട് വരുന്നവര്‍ക്ക് കരാര്‍ നല്‍കുന്നതില്‍ അസ്വാഭാവികതയില്ലെന്ന മില്‍മയുടെയും കേരഫെഡിന്റെയും ഒരേരൂപത്തിലുള്ള വിശദീകരണങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ അന്വേഷണ സാധ്യതകള്‍ പൂര്‍ണ്ണമായും അടയ്ക്കാനാണ് നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരത്ത് ‘മേയര്‍-എംഎല്‍എ’ പാക്കേജ്; ശ്രീലേഖ മേയറാകും, പിന്നാലെ നിയമസഭയിലേക്ക്; വി.വി. രാജേഷിനും ആര് എസ് എസിനും ബിജെപിയുടെ ‘സ്പെഷ്യല്‍ ഓഫര്‍’! പരിവാര്‍ ഇടഞ്ഞാല്‍ ഫോര്‍മുല പാളും





