കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് മാനേജ്മെന്റ് പ്രതിനിധികൾ ഈ ഉറപ്പ് നൽകിയത്. ഓറൽ പതോളജി വിഭാഗം മേധാവിയായിരുന്ന റാമിനെ പുറത്താക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എടുത്തിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി വിദ്യാർത്ഥികളെ അറിയിച്ചത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഗുരുതരമായ കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്.നിതിനെ ആത്മഹത്യയിലേക്ക് നയിച്ച മാനസിക പീഡനങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ കേസെടുത്തു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും (SC/ST Act) ഇയാൾക്കെതിരെ കേസുണ്ട്. ഡോ. റാമിനൊപ്പം കേസിലകപ്പെട്ട ഡോ. സംഗീത നമ്പ്യാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഇരുവരും ഒളിവിലാണ്. ഇവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
മാധ്യമങ്ങൾക്ക് മുൻപിൽ വികാരാധീനരായാണ് വിദ്യാർത്ഥികൾ തങ്ങൾ അനുഭവിച്ച ക്രൂരതകൾ വിവരിച്ചത്. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിയെ ‘കോളനി’ എന്ന് വിളിക്കുകയും ഗോത്രവർഗ്ഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരസ്യമായി പരിഹസിക്കുകയും ചെയ്തു. ‘ഡാർക്ക്’, ‘ഫാറ്റി’, ‘ലീൻ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ നിരന്തരം അപമാനിക്കുമായിരുന്നു. മക്കളുടെ പരാതിയുമായി വരുന്ന രക്ഷിതാക്കളുടെ സാമ്പത്തിക-സാമൂഹിക പദവി നോക്കിയാണ് റാം സംസാരിക്കുന്നത്. പല രക്ഷിതാക്കളെയും ഇയാൾ മോശമായി അപമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ
“അയാളെ ഒരു അധ്യാപകൻ എന്ന് വിളിക്കാനാകില്ല, ഒരു മൃഗമാണ്,” എന്നാണ് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞത്. പുറത്താക്കൽ തീരുമാനത്തിൽ ആശ്വാസമുണ്ടെങ്കിലും ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടണമെന്നും മറ്റ് ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ചർച്ച തുടരുകയാണ്.


‘അവസരം നല്കി’ എന്ന് വരുത്തിത്തീര്‍ക്കാന്‍ പേരാവൂര്‍; ശൈലജ ടീച്ചര്‍ ഓഫര്‍ സ്വീകരിക്കുമോ? സംസ്ഥാന സമിതിയില്‍ നിലപാട് പറയാന്‍ മുന്‍ ആരോഗ്യമന്ത്രി





