കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. ‘ഇൻസ്റ്റാ പേ’ എന്ന ആപ്പിനെതിരെ ചക്കരക്കൽ പോലീസാണ് സ്വമേധയാ കേസെടുത്തത്. നിതിനെ ഭീഷണിപ്പെടുത്തിയതിനും പണം തിരിച്ചടയ്ക്കാൻ സമ്മർദ്ദം ചെലുത്തി മാനസികമായി പീഡിപ്പിച്ചതിനുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിതിൻ എടുത്ത 15,000 രൂപയുടെ ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ആപ്പ് അധികൃതർ നിതിന്റെ അധ്യാപിക ലതയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നു.
ഇതിനെത്തുടർന്ന് നിതിനെ പ്രിൻസിപ്പൽ ചേംബറിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഏപ്രിൽ പത്തിന് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. നിതിന്റെ മരണത്തിന് പിന്നാലെ അമ്മ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഇത് കൈമാറി കിട്ടിയതോടെയാണ് ലോൺ ആപ്പിനെതിരെ പോലീസ് കേസ് എടുത്തത്.
വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. രക്ഷിതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. വരും ദിവസങ്ങളിൽ പിടിഎ യോഗം വിളിക്കാനും തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.കേസന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് മാനേജ്‌മെന്റ് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി. ഡോ. റാം, ഡോ. സംഗീത എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി.
ഉപഭോക്തൃ അവകാശങ്ങളുടെ കാവലാള്; പൗരാവകാശ പോരാട്ടങ്ങളുടെ ശബ്ദം നിലച്ചു; പ്രമുഖ പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു
നിറത്തിന്റെയും ജാതിയുടെയും പേരിൽ ഡോ. റാം നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇന്റേണൽ മാർക്കിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നു. മരിച്ച ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ അധ്യാപിക വിളിച്ച് നിതിൻ വീണുവെന്ന് മാത്രമാണ് പറഞ്ഞതെന്നും, കുട്ടി മരിച്ച വിവരം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും കുടുംബം വികാരാധീനരായി പറഞ്ഞു.ലോൺ ആപ്പിന്റെ ഭീഷണിയും അധ്യാപകരുടെ മാനസിക പീഡനവും ഒരുപോലെ നിതിനെ മരണത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


പോലീസിനെതിരെയുള്ള ആക്രമണം: കർശന നടപടിയെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ





