തിരുവനന്തപുരം: തലസ്ഥാന നഗരിയെ കലയുടെ മാസ്മരികതയിൽ ആറാടിക്കാൻ നിശാഗന്ധി നൃത്തോത്സവത്തിന് (Nishagandhi Fest 2026) നാളെ തുടക്കമാകും. വൈകുന്നേരം 6 മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ ഈ വർഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത മണിപ്പൂരി നർത്തകി പത്മശ്രീ ദർശന ജാവേരിക്ക് ചടങ്ങിൽ സമ്മാനിക്കും. ഒന്നര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഫെബ്രുവരി 13 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന നൃത്തോത്സവത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി വൈവിധ്യമാർന്ന ക്ലാസിക്കൽ നൃത്ത രൂപങ്ങൾ നിശാഗന്ധിയിൽ അരങ്ങേറും. ഉദ്ഘാടന ദിവസം പത്മശ്രീ ഡോ. നർത്തകി നടരാജ്, ഡോ. രാജശ്രീ വാര്യർ എന്നിവരുടെ ഭരതനാട്യവും തുടർന്ന് ലതാസന ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തവും നടക്കും.
നൃത്തോത്സവത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന കഥകളി മേളയും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 5.30-ന് കഥകളി ആരംഭിക്കും.
ആലപ്പുഴയിൽ രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെടുമുടി പോലീസ് അന്വേഷണം ആരംഭിച്ചു
കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ നൃത്തോത്സവത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. സാംസ്കാരിക കേരളത്തിന്റെ പെരുമ വിളിച്ചോതുന്ന ഈ മേള കാണാൻ സ്വദേശി-വിദേശ വിനോദസഞ്ചാരികളുടെ വലിയ നിരതന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


തലസ്ഥാനത്ത് വന്‍ വികസന സാധ്യതകള്‍ ; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ്





