തിരുവനന്തപുരം: ആയിരക്കണക്കിന് നിക്ഷേപകരെ പെരുവഴിയിലാക്കിയ നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. കേസ് സിബിഐ അന്വേഷിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നു. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഈ നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം രംഗത്തെത്തി. സിബിഐ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. “ബിജെപി ഈ കേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാറിനെ സംരക്ഷിക്കുകയാണ്. തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ടുകച്ചവടം നടക്കുന്നുണ്ട്,” റഹീം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയം രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്.
കന്യാകുമാരി ജില്ലയിലെ പളുകൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ‘നിർമൽ കൃഷ്ണ നിധി ലിമിറ്റഡ്’ തമിഴ്നാട്ടിലും കേരളത്തിലുമായി ഏകദേശം 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ജില്ലയിൽ മാത്രം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചും, സ്വർണം ഈടുവാങ്ങി വായ്പ നൽകിയ ശേഷം ആഭരണങ്ങൾ തിരികെ നൽകാതെയും സ്ഥാപനം നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു.സ്ഥാപന ഉടമ നിർമൽ പ്രധാന പ്രതിയായ ഈ കേസിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. സിബിഐ അന്വേഷണം വഴിമുട്ടിയതോടെ നിക്ഷേപം നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിലാണ്.
ശബരിമല കേസില്‍ എന്‍. വാസുവിനും ജാമ്യം! പ്രമുഖരെല്ലാം പുറത്തേക്ക്; അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം


മന്ത്രി വീണാ ജോർജിന്റെ വസതിയിൽ സുരക്ഷാവീഴ്ച; പോലീസിനെതിരെ നടപടി വരുന്നു, അന്വേഷണം തുടങ്ങി





