പ്രണയം ദുരന്തമായി…. ! നാലാഞ്ചിറ കൊലപാതകം: പ്രതി സുരേഷ് തമിഴ്നാട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍? ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച നാലാഞ്ചിറ ഹസീന വധക്കേസിലെ പ്രതിയായ ഭര്‍ത്താവ് സുരേഷ് തമിഴ്നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചതായി സംശയം. തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് വ്യാഴാഴ്ച രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കൈമാറിയ ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച തിരുവനന്തപുരം മണ്ണന്തല പോലീസ് ഇത് സുരേഷ് (46) തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ നാലാഞ്ചിറയില്‍ വെച്ച് ഭാര്യ ഹസീനയെ (36) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട സുരേഷിനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. കൃത്യത്തിന് ശേഷം മകളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് സുരേഷ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു നാലാഞ്ചിറ മഠത്തുനട കെ.ആ.ര്‍.എ. 158 ‘തിരുപ്പതി ഭവന്‍’ എന്ന വാടകവീട്ടില്‍ വെച്ച് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം കത്തി കുളിമുറിയില്‍ കൊണ്ടുപോയി കഴുകി വൃത്തിയാക്കിയ ശേഷമാണ് സുരേഷ് സ്വന്തം കാറില്‍ രക്ഷപ്പെട്ടത്.
പ്രതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ സുരേഷിന്റെ മൊബൈല്‍ ഫോണ്‍ തിരുവനന്തപുരം കിള്ളിപ്പാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കാര്‍ കരമന കടന്നുപോയതായി സ്ഥിരീകരിച്ചു. ഈ കാര്‍ പിന്നീട് ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്. മൊബൈലും വാഹനവും തലസ്ഥാനത്ത് തന്നെ ഉപേക്ഷിച്ച ശേഷമാണ് സുരേഷ് തമിഴ്നാട്ടിലേക്ക് കടന്നതെന്നാണ് പോലീസ് കരുതുന്നത്.
ഹസീനയും സുരേഷും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഹസീനയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് മണ്ണന്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച തിരിച്ചെത്തിയ ഹസീന താന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്നാണ് പോലീസിനോട് പറഞ്ഞത്. ഇതേച്ചൊല്ലി സ്റ്റേഷനില്‍ വെച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മണ്ണന്തല പോലീസ് ഇരുവരേയും അനുനയിപ്പിച്ചു വിട്ടയച്ചെങ്കിലും വീട്ടിലെത്തിയ ശേഷം വഴക്ക് വീണ്ടും രൂക്ഷമാകുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ തര്‍ക്കമാണ് ബുധനാഴ്ച പുലര്‍ച്ചെ കൊലപാതകത്തില്‍ കലാശിച്ചത്. സുരേഷ് ഹസീനയെ ആക്രമിക്കുന്നത് നേരില്‍ക്കണ്ട മൂത്തമകള്‍ അമൃതാ സുരേഷാണ് വിവരം ഫോണിലൂടെ മണ്ണന്തല പോലീസിനെ അറിയിച്ചത്. എന്നാല്‍ പോലീസ് എത്തുമ്പോഴേക്കും സുരേഷ് കാറില്‍ രക്ഷപ്പെട്ടിരുന്നു.
വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മണ്ണന്തല, വട്ടിയൂര്‍ക്കാവ് മേഖലകളില്‍ വാടകവീടുകളില്‍ മാറിമാറി താമസിച്ചിരുന്ന ഇവര്‍ നാല് മക്കള്‍ക്കും ബന്ധുവായ മറ്റൊരു സ്ത്രീയ്ക്കുമൊപ്പം അഞ്ചു മാസം മുന്‍പാണ് നാലാഞ്ചിറയിലെ വീട്ടില്‍ താമസമാക്കിയത്.
സുരേഷ് നേരത്തെയും മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും രണ്ടാഴ്ച മുന്‍പ് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. അമൃതയെക്കൂടാതെ വിദ്യാര്‍ത്ഥികളായ ആനന്ദ്, അനയ, റോഷന്‍ എന്നിവരാണ് ഇവരുടെ മറ്റു മക്കള്‍. തമിഴ്നാട്ടില്‍ കണ്ടെത്തിയ മൃതദേഹം സുരേഷിന്റേത് തന്നെയെന്ന് ഉറപ്പാക്കാന്‍ കേരള പോലീസ് സംഘം ചിദംബരത്തേക്ക് തിരിക്കും
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.