ടെഹ്റാന്: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി രാജ്യത്തെ അതീവ സുരക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിനല്‍കിയെന്ന കുറ്റത്തിന് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയനായ വ്യക്തിയാണ് കൗറൂഷ് കീവാനി. അമേരിക്കയും ഇസ്രയേലുമായി ഇറാന് നേരിട്ടുള്ള യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ വധശിക്ഷയാണിത്.
കഴിഞ്ഞ ജൂണില്‍ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കീവാനി പിടിയിലായത്. യൂറോപ്പിലെ ആറു രാജ്യങ്ങളിലും ടെല്‍ അവീവിലുമായി മൊസാദ് ഏജന്റുമാരില്‍നിന്ന് ഇയാള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് കീവാനിയുടെ വധശിക്ഷ നടപ്പാക്കിയത്. തങ്ങളുടെ ആണവ-സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഇസ്രയേല്‍ ചാരന്മാര്ക്കെതിരെ ഇറാന് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിനുമുന്‍പ് ജനുവരിയിലും സമാനമായ രീതിയില്‍ നാലുപേരെ ഇറാന് തൂക്കിലേറ്റിയിരുന്നു.
അതേസമയം, പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയും അര്‍ധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാന്‍ഡര്‍ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ടെഹ്റാനിലും ലബനന് തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തിനു സമീപം മിസൈല്‍ പതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, ഇറാന് തീരത്തെ മിസൈല്‍ കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം 5000 പൗണ്ട് ഭാരമുള്ള ‘ഡീപ് പെനട്രേറ്റര്‍’ ബോംബുകള്‍ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തി. അമേരിക്കയുമായി വെടിനിര്‍ത്തലിന് മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി തള്ളി. യുഎസിനെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കാതെ സമാധാനമില്ലെന്നാണ് ഇറാന്റെ നിലപാട്.
യുഎഇക്ക് നേരെയും ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിരോധ സേന ഭീഷണികള്‍ വിജയകരമായി നേരിട്ടതായും പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഈ യുദ്ധസാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി, നിരപരാധികളുടെ ജീവന് നഷ്ടമാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. കടലിടുക്കിലെ സുരക്ഷയ്ക്കായി യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ യുഎഇ പങ്കാളിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇറാനെതിരെ യുഎസ്-ഇസ്രയേല്‍ സഖ്യത്തില്‍ ചേരാനില്ലെന്നും നയതന്ത്ര പരിഹാരമാണ് ആവശ്യമെന്നും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.
അതിനിടെ, ഇറാനെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ച നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോ കെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന് വലിയ ഭീഷണി തന്നെയാണെന്നും അവര്‍ക്കൊപ്പം നില്ക്കുന്നവര് മികച്ചവരല്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘നീ ജയിലില്‍ പോയേനെ, ഞാന്‍ നിന്റെ —– രക്ഷിക്കുകയാണ്’; നെതന്യാഹുവിനോട് കയര്‍ത്ത് ട്രംപ്; പുകഞ്ഞ് യുഎസ്-ഇസ്രായേല്‍ തര്‍ക്കം





