തിരുവനന്തപുരം: ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഗുരുദേവ ദര്‍ശനം സാക്ഷിയാക്കി കുംഭമേളയിലെ വൈറല്‍ താരം മോണാലിസ ഭോസ്ലെയും മുഹമ്മദ് ഫര്‍മാനും വിവാഹിതരായി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഈ മതേതര വിവാഹം. എല്ലാ മതസ്ഥര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുള്ള ക്ഷേത്രത്തിന്റെ വിശാലമായ നിലപാടാണ് ഉത്തരേന്ത്യന്‍ ദമ്പതികള്‍ക്ക് തുണയായത്.
മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണം ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളി. 2008 ജനുവരി ഒന്നിനാണ് താന്‍ ജനിച്ചതെന്നും നിലവില്‍ 18 വയസ്സ് പൂര്‍ത്തിയായെന്നും വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും മോണാലിസ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാതെ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനമായ കെ-സ്മാര്‍ട്ട് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനാവുകയെന്ന് ഫര്മാന് ചോദിച്ചു. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ ലൗ ജിഹാദ് എന്ന നിലയില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനാണ് രേഖകള്‍ സഹിതം മാധ്യമങ്ങളെ കാണുന്നതെന്നും ഇരുവരും വ്യക്തമാക്കി.
വിവാഹത്തിനായി ആരും മതം മാറിയിട്ടില്ലെന്നും മതം മാറ്റത്തിന് പ്രസക്തിയില്ലെന്നും ഫര്മാന് പറഞ്ഞു. സ്വന്തം വിശ്വാസം കാത്തുസൂക്ഷിച്ചുതന്നെ ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. മോണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമാണ് താലി കെട്ടിയത്. മകളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ പിതാവ് ശ്രമിച്ചെങ്കിലും പ്രായപൂര്‍ത്തിയായ വ്യക്തി എന്ന നിലയില്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ പോലീസ് അനുവദിക്കുകയായിരുന്നു.
മനുഷ്യനെ ഒന്നായി കാണുന്ന ശ്രീനാരായണ ഗുരുദേവന്റെ പ്രതിഷ്ഠയുള്ള അരുമാനൂര്‍ ക്ഷേത്രം ഇത്തരം മതേതര വിവാഹങ്ങള്‍ക്ക് വേദിയാകുന്നത് ഗുരുദര്‍ശനങ്ങളുടെ പ്രായോഗിക രൂപമായാണ് വിലയിരുത്തപ്പെടുന്നത്. ‘നാഗത്തമ്മ’ എന്ന സിനിമയില്‍ അഭിനയിക്കാനാണ് മോണാലിസയും ഫര്‍മാനും കേരളത്തിലെത്തിയത്. കുംഭമേളയ്ക്കിടയില്‍ പകര്‍ത്തിയ മോണാലിസയുടെ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ നല്കുന്ന പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഫയല്‍ വിഴുങ്ങി സിംഹാസനങ്ങള്‍; നവീന്‍ ബാബുവിന്റെ മരണം അട്ടിമറിക്കാന്‍ വന്‍സ്രാവുകളുടെ കൂട്ടുകെട്ട്; അപ്രത്യക്ഷമായത് പങ്കാളിത്തക്കരാര്‍; സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ





