സോഷ്യൽ മീഡിയ സെൻസേഷൻ മോണാലിസ ഭോസ്‌ലെ തമ്പാനൂർ സ്റ്റേഷനിൽ! അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷ; കാമുകൻ ഫർമാനോടൊപ്പം ജീവിക്കാൻ സഹായം തേടി

തിരുവനന്തപുരം: കുംഭമേളയിലെ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മോണാലിസ ഭോസ്‌ലെ അച്ഛനിൽ നിന്ന് സംരക്ഷണം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ പ്രണയത്തെ വീട്ടുകാർ എതിർക്കുന്നുവെന്നും മറ്റൊരു വിവാഹത്തിന് അച്ഛൻ നിർബന്ധിക്കുന്നുവെന്നുമാണ് താരം പരാതിപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ കാമുകൻ ഫർമാനോടൊപ്പമാണ് മോണാലിസ സ്റ്റേഷനിലെത്തിയത്.

ഒന്നര വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇൻഡോർ സ്വദേശിയായ മോണാലിസയും ഫർമാനും പ്രണയത്തിലാകുന്നത്. ഇതരമതസ്ഥനായതിനാൽ വീട്ടുകാർ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.പൂവാറിൽ തന്റെ ആദ്യ സിനിമയായ ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മോണാലിസ കേരളത്തിലെത്തിയത്. സുരക്ഷിതമായ ഇടമെന്ന നിലയിലാണ് കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.: മോണാലിസയുടെ പരാതിയെത്തുടർന്ന് അച്ഛൻ ജയ് സിങ് ഭോസ്‌ലെയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ്സ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.

സിനിമയുടെ അണിയറ പ്രവർത്തകരുടെയും പിതാവിന്റെയും സാന്നിധ്യത്തിൽ സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മോണാലിസയെയും ഫർമാനെയും വിട്ടയച്ചു. ഇരുവരും പൂവാറിലേക്ക് തന്നെ മടങ്ങി.

 പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ പെൺകുട്ടിയാണ് മോണാലിസ. ഈ പ്രശസ്തിയാണ് സനോജ് മിശ്ര സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയാകാൻ അവൾക്ക് അവസരമൊരുക്കിയത്. അമിത് റാവു നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നതിനിടെയാണ് ഈ വ്യക്തിപരമായ പ്രതിസന്ധി ഉണ്ടായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.