തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ കേന്ദ്ര ബജറ്റില്‍ കേരളം തഴയപ്പെട്ടതിന് പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ കടുത്ത ഗ്രൂപ്പിസമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം സ്വീകരിക്കേണ്ട തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെ തടഞ്ഞ സംസ്ഥാന നേതൃത്വത്തിന്റെ നീക്കം കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസം പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടു.
മേയര്‍ രാജേഷിനെ സ്വീകരണ ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യമായിരുന്നുവെന്നും ഇത് പ്രധാനമന്ത്രി ഗൗരവമായി എടുത്തു എന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. കേരളത്തിലെ ബിജെപി നേതൃത്വം ഒറ്റക്കെട്ടായി നീങ്ങാത്തടത്തോളം കാലം സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേരളത്തെ മൈന്‍ഡ് ചെയ്യാത്തത്.
ഈ സാഹചര്യത്തില്‍ കേരളത്തിന് വലിയ വികസന പദ്ധതികള്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്രം നീങ്ങുന്നതായാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എയിംസും അതിവേഗ റെയില്‍പാതയും ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന സംസ്ഥാന ബിജെപിക്ക് ഇപ്പോള്‍ കടുത്ത നിരാശയാണ് ഫലം. എല്‍ഡിഎഫും യുഡിഎഫും ബജറ്റിലെ അവഗണനയെ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല.
കേന്ദ്രം മുന്‍പ് നല്കിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന ന്യായീകരണമാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വികസനത്തിന് തടസ്സമാകുന്നത് അണികള്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കടലാമ പരിപാലന കേന്ദ്രം പോലുള്ള ചെറിയ പ്രഖ്യാപനങ്ങള്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കിയതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
വികസിത കേരളം എന്ന ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ ബിജെപിയിലെ ഗ്രൂപ്പിസം അവസാനിക്കണമെന്ന സന്ദേശമാണ് കേന്ദ്രം ഇതിലൂടെ നല്‍കുന്നത്. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വേഗ റെയില്‍ പദ്ധതിയില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായില്ലെങ്കില് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി പാര്‍ട്ടി നേരിടേണ്ടി വരും. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ കേരളത്തിന് പ്രത്യേക പാക്കേജുകള്‍ നേടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ സമീപിക്കുന്നുണ്ടെങ്കിലും, ആഭ്യന്തര കലഹം തീരാതെ കേരളത്തെ കേന്ദ്രം ഗൗരവമായി പരിഗണിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല പുനഃപരിശോധനാ ഹർജികൾ: സുപ്രീംകോടതിയിൽ അഞ്ചാം ദിവസത്തെ വാദം ഇന്ന്





