‘കോടിയേരിയുടെ കുടുംബം പാര്‍ട്ടിയുടെ ഭാഗം തന്നെ, പരാതിയുണ്ടെങ്കില്‍ പരിശോധിക്കും!’ വിനോദിനിയുടെ വെടിയുണ്ടയില്‍ പ്രതിരോധിച്ച് ടി.പി. രാമകൃഷ്ണന്‍; ‘ആരെക്കുറിച്ചാണെന്ന്’ കൃത്യമായി പറഞ്ഞാലേ ചര്‍ച്ച ചെയ്യാനാകൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍!

കണ്ണൂര്‍: സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ അവഗണനാ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രംഗത്ത്. കോടിയേരിയുടെ കുടുംബം ഇപ്പോഴും സി.പി.എമ്മിന്റെ ഭാഗം തന്നെയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉയര്‍ന്നുവന്ന വിമര്‍ശനം ആരെക്കുറിച്ചാണെന്ന് കൃത്യമായി അറിഞ്ഞാലേ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ എന്ന വിചിത്രമായ വാദമാണ് ഉയര്‍ത്തുന്നത്. നിലവില്‍ പാര്‍ട്ടിയുടെ മുന്നില്‍ അങ്ങനെ ഒരു വിഷയം വന്നിട്ടില്ലെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
മാസികയില്‍ വന്ന അഭിമുഖം പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടും, ആരെക്കുറിച്ചാണ് വിനോദിനി പറഞ്ഞതെന്ന് അറിയില്ലെന്ന് കണ്‍വീനര്‍ പറയുന്നത് ഒളിച്ചോട്ടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എങ്കിലും കുടുംബത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്ന സൂചനയും ടി.പി. രാമകൃഷ്ണന്‍ നല്‍കുന്നുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് വിനോദിനിയുടെ ശരങ്ങളത്രയും എന്ന് വ്യക്തമാണെങ്കിലും, പേരെടുത്ത് പറയാത്തതാണ് ഇപ്പോള്‍ ഔദ്യോഗിക നേതൃത്വത്തിന് പ്രതിരോധിക്കാന്‍ ആയുധമായിരിക്കുന്നത്. കോടിയേരിയുടെ മരണശേഷം പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയാണെന്നും, മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഒരു നേതാവ് പോലും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നുമായിരുന്നു ‘പച്ചക്കുതിര’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദിനി തുറന്നടിച്ചത്.
താന്‍ ഉദ്ദേശിച്ചത് സാധാരണ പ്രവര്‍ത്തകരെയല്ലെന്നും, പൊളിറ്റ് ബ്യൂറോ (പി.ബി.) അംഗം കൂടിയായ, കേരളത്തിലെ അതീവ പ്രധാനമായ ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണെന്നും അവര്‍ അടിവരയിട്ട് പറഞ്ഞിരുന്നു. താന്‍ വല്ലപ്പോഴും അങ്ങോട്ട് വിളിച്ചാല്‍ പോലും ഈ നേതാവ് ഫോണ്‍ എടുക്കാറില്ലെന്ന വിനോദിനിയുടെ വെളിപ്പെടുത്തല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനുഷിക മുഖത്തെയാണ് ചോദ്യം ചെയ്യുന്നത്.
വിവാദം കത്തുമ്പോള്‍ ‘ആളാരാണെന്ന് അറിയാതെ ചര്‍ച്ച ചെയ്യാനില്ല’ എന്ന് പറഞ്ഞ് ടി.പി. രാമകൃഷ്ണന്‍ കൈകഴുകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, കോടിയേരി എന്ന ജനനായകനോട് വൈകാരിക ബന്ധമുള്ള അണികള്‍ക്കിടയില്‍ പുകയുന്ന പ്രതിഷേധം വരും ദിവസങ്ങളില്‍ സി.പി.എം. നേതൃത്വത്തിന് വലിയ തലവേദനയാകും സൃഷ്ടിക്കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.