തിരുവനന്തപുരം: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, പന്ത്രണ്ട് വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയ നടപടി വന്‍ വിവാദത്തിലേക്ക്. കരാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്റെ പൂര്‍ണ്ണ അറിവോടെയാണെന്നും ഇതിന് പിന്നില്‍ കോടികളുടെ കമ്മീഷന്‍ ഇടപാടുണ്ടെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. വരാനിരിക്കുന്ന വേനല്‍ മഴയും ഇടവപ്പാതിയും പ്രതീക്ഷിച്ച രീതിയില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്കും ഇരുട്ടിലേക്കും നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
2014-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വിവിധ സ്വകാര്യ കമ്പനികളുമായി കെഎസ്ഇബി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ കാലാവധി തീരാന്‍ ഇനിയും 14 വര്‍ഷം ബാക്കിനില്‍ക്കേ, 2025-ല്‍ ഇത് റദ്ദാക്കിയതാണ് ദുരൂഹതയുണര്‍ത്തുന്നത്. കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദാക്കി ഉയര്‍ന്ന തുകയ്ക്ക് പുതിയ കരാറുകള്‍ ഒപ്പിടുമ്പോള്‍ ലഭിക്കുന്ന കോടികളുടെ കമ്മീഷനാണ് ലക്ഷ്യമെന്ന ആരോപണം കെഎസ്ഇബിക്ക് അകത്തുനിന്നുതന്നെ ഉയരുന്നുണ്ട്.
കരാര്‍ റദ്ദാക്കിയത് വഴി കഴിഞ്ഞ മെയ് മുതല്‍ ഇതുവരെ അമിത തുകയ്ക്ക് വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെഎസ്ഇബിക്ക് 498 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. 2014-ല്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.29 രൂപയായിരുന്നു വിലയെങ്കില്‍, നിലവിലെ പ്രതിസന്ധി മറികടക്കാന്‍ യൂണിറ്റിന് 10 രൂപ വരെ നല്‍കിയാണ് ബോര്‍ഡ് വൈദ്യുതി വാങ്ങുന്നത്. വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതിനൊപ്പം ഭാവിയില്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്കും കാരണമാകും.
2014-ല്‍ കരാറില്‍ ഏര്‍പ്പെടാനും ഇപ്പോള്‍ അത് റദ്ദാക്കാനും നേതൃത്വം നല്‍കിയത് ഒരേ വ്യക്തി തന്നെയാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സിപിഎം അനുകൂല സംഘടനയില്‍ പെട്ട മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, വിരമിച്ച ശേഷം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗമായി ചുമതലയേല്‍ക്കുകയും തുടര്‍ന്ന് ടെണ്ടറിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കുകയുമായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നെങ്കില്‍ കമ്മീഷനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാമായിരുന്നുവെങ്കിലും അത്തരത്തിലൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
നിലവില്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര ഉല്‍പ്പാദനം കുറയുന്നത് വലിയ വെല്ലുവിളിയാകും. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുകള്‍ ഇല്ലാത്തതും കയ്യിലുള്ള കരാറുകള്‍ റദ്ദാക്കിയതും ബോര്‍ഡിനെ കുഴക്കുന്നു. ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികളുമായി വില കുറയ്ക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുകയോ അല്ലെങ്കില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഗതികേടിലാണ് കേരളം.
സ്വകാര്യ കമ്പനികളില്‍ നിന്ന് കമ്മീഷനായി ലഭിക്കുന്ന തുകയില്‍ കണ്ണുവെച്ച് നടത്തുന്ന ഈ ‘പകല്‍ക്കൊള്ള’യെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വൈദ്യുതി വകുപ്പ് ഭരിക്കുന്നവര്‍ നടത്തുന്ന ഈ ഒത്തുകളി സംസ്ഥാനത്തെ വലിയൊരു ഊര്‍ജ്ജ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വരും മാസങ്ങളില്‍ മഴ കനിഞ്ഞില്ലെങ്കില്‍ കേരളം പൂര്‍ണ്ണമായും വെട്ടിലാകുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിജയക്കൊടി പാറിച്ച് ഒരു സാധാരണക്കാരി; മാതൃകയാവുന്ന നിശ്ചയദാര്‍ഢ്യം; പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ



