തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനം നടത്തിയ രണ്ട് തമിഴ്നാട് ട്രോളര്‍ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടിയത് സുരക്ഷാശങ്കയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരുവനന്തപുരത്ത് എത്താനിരിക്കെ, അതീവ സുരക്ഷാ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിന് ഗൗരവം കൂട്ടുന്നത്. കഴിഞ്ഞ ദിവസം നാവികസേനയുടെ കരുത്തുറ്റ പ്രകടനങ്ങള്‍ക്കും തിരുവനന്തപുരം സാക്ഷ്യം വഹിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, തീരത്ത് എത്തുന്ന അജ്ഞാത ബോട്ടുകളെയും രേഖകളില്ലാത്ത യാനങ്ങളെയും ഗൗരവത്തോടെ നിരീക്ഷിക്കാനാണ് സുരക്ഷാ ഏജന്‍സികളുടെ തീരുമാനം.
വിഴിഞ്ഞം തീരത്തുനിന്ന് ഏകദേശം 7 കിലോമീറ്റര്‍ ഉള്ളിലായി ആഴക്കടലിലാണ് ബോട്ടുകള്‍ കണ്ടെത്തിയത്. തമിഴ്നാട് രാമേശ്വരം സ്വദേശികളായ സെബാസ്റ്റ്യന്‍, ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളര്‍ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന് ആക്ട് പ്രകാരം ആവശ്യമായ രജിസ്ട്രേഷന് രേഖകളോ ലൈസന്‍സോ ഇല്ലാതെയാണ് ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് ബോട്ടിലും ‘ധീര’ എന്ന വള്ളത്തിലുമായാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തിയത്. പിടികൂടിയ ബോട്ടുകള്‍ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ എത്തിച്ചു. നിയമലംഘനത്തിന് ഉടമകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സന്ദര്‍ശനം പ്രമാണിച്ച് തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. കടല്‍മാര്‍ഗ്ഗമുള്ള ഭീഷണികള്‍ ഒഴിവാക്കാന്‍ തീരദേശ പോലീസും നാവികസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമീപ്യവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് ഓരോ നീക്കവും ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നത് തടയുന്നതിനൊപ്പം തന്നെ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ കേരള തീരത്ത് അതിക്രമിച്ചു കയറുന്നത് കര്‍ശനമായി തടയുമെന്ന് അധികൃതര്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ കടലില്‍ പരിശോധനകള്‍ക്കായി കൂടുതല്‍ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താനാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. വിഴിഞ്ഞം തുറമുഖം കൂടി ഉള്ളത് കണക്കിലെടുത്ത് സുരക്ഷ അതീവ ശക്തമാക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളം ആര് ഭരിക്കും? പിണറായിക്ക് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് ലോക്പോൾ സർവേ! യുഡിഎഫിന് 80-ലധികം സീറ്റുകൾ





