തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കമല്‍ഹാസന്‍ കോടതിയിലേക്ക്! രജനീകാന്തിന്റെ വഴിയെ നിയമയുദ്ധത്തിന് ഉലഗനായകനും

ചെന്നൈ : തന്റെ പേരും ചിത്രവും വ്യക്തിത്വവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സൂപ്പര്‍താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നല്‍കുന്ന ‘ജോണ്‍ ഡോ’ ഹര്‍ജിയാണ് അദ്ദേഹം ഫയല്‍ ചെയ്തത്.

വര്‍ഷങ്ങളായുള്ള സിനിമ ജീവിതത്തിലൂടെ താന്‍ നേടിയ പ്രശസ്തിയും ‘ഉലഗനായകന്‍’ എന്ന വിശേഷണവും ചില സ്ഥാപനങ്ങള്‍ തന്നോട് ചോദിക്കാതെ ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്ന് കമല്‍ഹാസന്‍ പരാതിപ്പെട്ടു. തന്റെ ചിത്രം, പേര്, സിനിമയിലെ പ്രശസ്തമായ സംഭാഷണങ്ങള്‍ എന്നിവ അച്ചടിച്ച ടി-ഷര്‍ട്ടുകളും മറ്റും വില്‍ക്കുന്നത് തടയണമെന്നാണ് ആവശ്യം.

ചെന്നൈ ആസ്ഥാനമായുള്ള ‘നീയേ വിദായ്’ എന്ന സ്ഥാപനം തന്റെ ഐക്കണുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി കമല്‍ഹാസന്‍ ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചു. ഈ സ്ഥാപനത്തിന് പുറമെ സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് അജ്ഞാത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി അധ്യക്ഷനാകുന്ന ബെഞ്ച് തിങ്കളാഴ്ച കമലഹാസന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. നേരത്തെ അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിവരും സമാനമായ രീതിയില്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

തന്റെ പേരും സ്‌റ്റൈലും അനുമതിയില്ലാതെ സിനിമയുടെ പേരിനും പ്രമേയത്തിനും ഉപയോഗിച്ചെന്ന് കാണിച്ച് ‘മെയിന്‍ ഹൂണ്‍ രജനീകാന്ത്’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയാണ് രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രജനിക്ക് അനൂകൂലമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.