ഉമ്മന്‍ചാണ്ടിയുടെ കഥയോ? സോഷ്യല്‍ മീഡിയയില്‍ ഡീകോഡിംഗ്; പ്രതിച്ഛായയില്‍ വന്‍ പ്രതീക്ഷ; ബി ഉണ്ണികൃഷ്ണന്‍ ചിത്രം പൊളിറ്റിക്കല്‍ തരംഗമാകുമോ? നിവിന്‍ പോളിക്ക് വീണ്ടും താര സിംഹാസനം ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ നാളെ (മാര്‍ച്ച് 26) തിയേറ്ററുകളില്‍ എത്തുകയാണ്. കേവലമൊരു കുടുംബചിത്രം എന്നതിലുപരി, രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ ഇമോഷണല്‍ ഡ്രാമ ബോക്സോഫീസില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സമീപകാലത്ത് ബോക്സോഫീസില്‍ പഴയൊരു മാജിക് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന നിവിന്‍ പോളിക്ക് തന്റെ താര സിംഹാസനം തിരികെ നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനൊപ്പം തന്നെ കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചിത്രം തിരികൊളുത്തിയേക്കാം.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഈ സമയത്ത്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമയുടെ രണ്ട് പോസ്റ്ററുകള്‍ വെച്ചാണ് സിനിമാ പ്രേമികള്‍ ഈ ഡീകോഡിംഗ് നടത്തുന്നത്. നെറ്റിയില്‍ മുറിവുമായി നില്‍ക്കുന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രവും ഉമ്മന്‍ചാണ്ടിയുടെ സമാനമായ ചിത്രവും, അതുപോലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയോട് സാമ്യമുള്ള മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഇതൊരു ബയോപിക് അല്ലെന്നും, സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നുമാണ് അണിയറക്കാര്‍ പറയുന്നത്.
ഇടതുപക്ഷ സഹയാത്രികനായ ബി ഉണ്ണികൃഷ്ണന്‍ ഇത്തരമൊരു സിനിമയെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ അതില്‍ കടന്നുവരുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ‘രാഷ്ട്രീയ ദര്‍ശനം വരാതെ ലിമിറ്റ് ചെയ്യുക എന്നത് ഒരു ഇല്യൂഷന്‍ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രീയ ദര്‍ശനമൊക്കെ ഇതിനകത്തുകൂടി കടന്നുപോകും. രാഷ്ട്രീയം ഇല്ലെന്ന് പറയുന്നവര്‍ എടുക്കുന്ന സിനിമയിലും ഒരു രാഷ്ട്രീയമുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ ‘പിണറായി പ്രിയം’ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘എന്റെ ഇടതുപക്ഷ ചിന്തകളെ പിണറായി വിജയനുമായോ സര്‍ക്കാരുമായോ കൂട്ടിക്കെട്ടേണ്ടതില്ല. വിദ്യാര്‍ത്ഥികാലം മുതല്‍ മാര്‍ക്‌സിസം വായിക്കുന്ന ആളാണ് ഞാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഗോവിന്ദന്‍ മാസ്റ്റര്‍ മുതല്‍ ബിജെപി നേതാവ് കൃഷ്ണദാസുമായി വരെ എനിക്ക് സൗഹൃദമുണ്ട്. അതിനാല്‍ ഇതിനെ ഒരു പാര്‍ട്ടിയുമായി ബന്ധിപ്പിക്കേണ്ടതില്ല.’
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയും ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാലചന്ദ്രമേനോന്‍, ഷറഫുദ്ധീന്‍, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, സായ് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിക്കുന്നു.
ബോക്‌സ്ഓഫീസില്‍ വലിയ കുതിപ്പ് ലക്ഷ്യമിടുന്ന ‘പ്രതിച്ഛായ’, നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവിനാണോ അതോ കേരള രാഷ്ട്രീയത്തിലെ പുതിയൊരു കൊടുങ്കാറ്റിനാണോ വഴിയൊരുക്കുക എന്നത് നാളത്തെ റിലീസോടെ വ്യക്തമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.