വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധം അതിവേഗം അവസാനിക്കുമെന്ന ശുഭപ്രതീക്ഷയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്റാന് ആണവായുധം നേടുന്നത് തടയുക എന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച 14 ഇന സമാധാന കരാര്‍ ഇറാന് ഗൗരവമായി പരിഗണിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി വൈറ്റ് ഹൗസ് തയ്യാറാക്കിയ ധാരണാപത്രം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുറേനിയം സമ്പുഷ്ടീകരണം ഇറാന് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവെച്ച കരാറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പാകിസ്താന് വഴിയായിരിക്കും തങ്ങളുടെ അന്തിമ തീരുമാനം അറിയിക്കുകയെന്നും ഇറാന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. എന്നാല്‍ ഈ കരാര്‍ വെറുമൊരു ആഗ്രഹപ്പട്ടിക മാത്രമാണെന്ന് ഇറാന്റെ പാര്‍ലമെന്ററി സമിതി പരിഹസിച്ചത് ചര്‍ച്ചകളില്‍ നേരിയ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
ജോര്‍ജിയയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെ ഇറാനുമായുള്ള ചര്‍ച്ചകളില്‍ താന്‍ വലിയ ശുഭപ്രതീക്ഷയിലാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന് സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ യുദ്ധം ഉടനടി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമാധാന കരാറിന് തയ്യാറല്ലെങ്കില്‍ മുന്പത്തേക്കാള് ശക്തമായ ബോംബിങ് നേരിടേണ്ടി വരുമെന്ന കടുത്ത അന്ത്യശാസനവും ട്രംപ് നല്‍കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘പ്രോജക്ട് ഫ്രീഡം’ ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാണ് ഈ നീക്കം. അതേസമയം, ഇറാന് വിഷയത്തില്‍ താന്‍ ട്രംപുമായി പൂര്‍ണ്ണ സഹകരണത്തിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇറാന്റെ ആണവ ശേഷി പൂര്‍ണ്ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ലബനന് അതിര്‍ത്തിയില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്നത് മേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പാകിസ്താന് വഴി ഇറാന് നല്കുന്ന മറുപടിയാകും പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡ്രാഗണും കരടിയും കൈകോര്‍ക്കുമ്പോള്‍: ട്രംപിനെതിരെ ബീജിങ് സഖ്യം; പക്ഷേ, ചൈനയ്ക്ക് കൈപൊള്ളുന്നത് എണ്ണയിലാണ്; ഹോര്‍മുസില്‍ നിലപാട് അവ്യക്തം





