വോട്ട് ചെയ്താൽ 1 രൂപയ്ക്ക് പുട്ടുപൊടി! സപ്ലൈകോയുടെ കൗതുകകരമായ ഓഫറും വിവാദവും

തിരുവനന്തപുരം : “ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം” എന്ന് കേട്ടിട്ടുണ്ട്. എന്നാൽ “തെരഞ്ഞെടുപ്പിന് ഇടയ്ക്ക് പുട്ടുപൊടി കച്ചവടം” എന്ന് ആദ്യം കേൾക്കുകയാണ്. വോട്ടിന്റെ മറവിൽ അവസരം മുതലെടുത്ത് “വോട്ട് ചെയ്യൂ പുട്ടടിക്കൂ” എന്ന പരസ്യവാചകവുമായി കച്ചവടം വർദ്ധിപ്പിക്കാൻ സർക്കാരിന്റെ സപ്ലൈകോയും രംഗത്തിറങ്ങിയിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്നാണ് സപ്ലൈകോയുടെ പ്രഖ്യാപനം. വോട്ടെടുപ്പ് ദിനത്തിന്റെ തൊട്ടടുത്ത ദിനങ്ങളായ ഏപ്രിൽ 10,11 തീയതികളിൽ ഈ ഓഫർ ലഭ്യമാണെന്നും സപ്ലൈകോ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കണമെങ്കിൽ സപ്ലൈകോയിൽ നിന്നും ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങണം. അതും സബ്സിഡി ഇല്ലാത്ത സാധനങ്ങൾ. കൂടാതെ വോട്ട് ചെയ്തെന്ന് തെളിയിക്കാനായി വിരലിലെ മഷി അടയാളവും കാണിക്കണം.

വോട്ട് ചെയ്യുന്നതിനുള്ള പ്രോത്സാഹനമായാണ് ഈ പദ്ധതി എന്നാണ് സപ്ലൈകോയുടെ പ്രഖ്യാപനം. എന്നാൽ വോട്ടിന്റെ മറവിൽ ഒരാളിൽ നിന്നും ആയിരം രൂപയുടെ കച്ചവടം സംഘടിപ്പിക്കാൻ കഴിയുമോ എന്നാണ് യഥാർത്ഥത്തിൽ സപ്ലൈകോ നോക്കുന്നത്.
സപ്ലൈകോയുടെ സ്വന്തം ഉത്പന്നമാണ് ശബരി ബ്രാൻഡിലുള്ള പുട്ടുപൊടി. ഒരു കിലോ പായ്ക്കറ്റിന് 46 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ഇതിൽ ഉപഭോക്താവ് നൽകുന്ന ഒരു രൂപ കിഴിച്ച് 45 രൂപ ലാഭിക്കുന്നതിനാണ് ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങേണ്ടത്.

വോട്ട് ചെയ്യുന്നവർക്ക് സർക്കാർ സ്ഥാപനം പാരിതോഷികം പ്രഖ്യാപിക്കുന്നതിലുള്ള നിയമ -ധാർമിക പ്രശ്നങ്ങളും ഇതിലുണ്ട്. വോട്ട് വർദ്ധിപ്പിക്കുന്നവർക്ക് വിദേശയാത്ര ഓഫർ ചെയ്ത മുസ്ലിംലീഗ് പ്രാദേശിക നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.