തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് എൽ.ഡി.എഫ് തങ്ങളുടെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറക്കി. പ്രശസ്ത റാപ്പർ വേടൻ ആലപിച്ച ആവേശം നിറഞ്ഞ ഗാനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. ‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ഗാനത്തിന് ‘ഒരു വിരൽ മഷി പോരാട്ടമേ…’ എന്ന ഹൂക്ക് ലൈനാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ കഴിഞ്ഞ കാലങ്ങളിലെ നേട്ടങ്ങളും വികസന പദ്ധതികളും കോർത്തിണക്കിയാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെയുള്ള വീടുകൾ, വയനാട് പുനരധിവാസ ടൗൺഷിപ്പ് എന്നിവയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ ക്ഷേമപ്രവർത്തനങ്ങളും ഗാനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രളയത്തെയും മണ്ണിടിച്ചിലിനെയും അതിജീവിച്ച കേരളത്തിന്റെ കരുത്തും പുനരധിവാസ പ്രവർത്തനങ്ങളും ദൃശ്യങ്ങളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘അറിവുള്ള കരം അധികാരപേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ’ എന്ന വേടന്റെ ആലാപനത്തിലുള്ള വരികൾ യുവതലമുറയെ ലക്ഷ്യം വെച്ചുള്ളതാണ്.
2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.കെ. ഹരിനാരായണൻ രചിച്ച് സിത്താര കൃഷ്ണകുമാർ ആലപിച്ച ‘അന്തിവിണ്ണിൽ അമ്പിളിക്കല’ എന്ന ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ റാപ്പിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ഇടതുമുന്നണി ശ്രമിക്കുന്നത്.
ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി ഹാജരായി; അറസ്റ്റ് ബുധനാഴ്ചയുണ്ടായേക്കും


പറയാനും കേള്‍ക്കാനും തിരുത്താനും സമയം കണ്ടെത്തണം; പിണറായിക്കും ഗോവിന്ദനും നേരെ വിരല്‍ചൂണ്ടി സെക്രട്ടേറിയറ്റ്; 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയില്‍ നിശിത വിമര്‍ശനം





