തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. അടിയന്തരമായി പാചകവാതകം ലഭ്യമാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധനക്ഷാമം പരിഹരിക്കപ്പെടാത്ത പക്ഷം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും, വന്‍തോതിലുള്ള തൊഴില്‍നഷ്ടം ഉണ്ടാകുമെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ആശങ്കപ്പെടുന്നു.
ഗ്യാസ് കുറ്റികള്‍ കിട്ടാനില്ലാത്തതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. പലയിടങ്ങളിലും പണ്ടത്തെപ്പോലെ അറക്കപ്പൊടി നിറച്ച കുറ്റിയടുപ്പുകളിലേക്കും വിറകടുപ്പുകളിലേക്കും വഴിമാറിക്കഴിഞ്ഞു. ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിച്ചാണ് മറ്റു ചിലര്‍ പിടിച്ചുനില്‍ക്കുന്നത്. വെറും തൊഴിലാളികളുടെ ചെലവ് കണ്ടെത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ പല ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കുന്നതെന്നതാണ് വാസ്തവം.
പാചകവാതക ക്ഷാമത്തിനൊപ്പം പാമോയില്‍ വില കൂടി കുതിച്ചുയര്‍ന്നതോടെ ഭക്ഷണസാധനങ്ങളുടെ വില കൂട്ടാതെ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഉടമകള്‍. സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായ പൊറോട്ടയുടെ വില ഇതിനോടകം തന്നെ വര്‍ധിച്ചു. മുന്‍പ് 13 മുതല്‍ 15 രൂപ വരെയായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോള്‍ മൂന്ന് രൂപയോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിരിയാണിക്കും മറ്റു കറികള്‍ക്കും നേരത്തെ തന്നെ വില വര്‍ധിപ്പിച്ചിരുന്നു.
ഇന്ധനക്ഷാമവും സാമ്പത്തിക ബാധ്യതയും കാരണം പെരുന്നാളിന് ശേഷം പല ഹോട്ടലുകളും തുറന്നിട്ടില്ല. ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും തള്ളിനീക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഉടമകള്‍. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ പലരും ഷട്ടറുകള്‍ താഴ്ത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പൂട്ടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
പ്രതിസന്ധി മറികടക്കാന്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായം പാടേ തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി! നഗരസഭയും ഗതാഗത വകുപ്പുമായുളള തര്‍ക്കും തീര്‍ന്നു; മേയറുടെ വാര്‍ഡില്‍ തുടക്കം; ഇടറോഡുകളില്‍ ഇനി സര്‍വ്വീസ് നടത്തും





