കൊച്ചി: ശബരിമലയിലെ ഭരണാനടപടികളിലും വരവുചെലവ് കണക്കുകളിലും വന്‍ അഴിച്ചുപണി നടത്തി കൃത്യത വരുത്തിയതിന് പിന്നാലെ, സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് അന്വേഷണത്തിന്റെയും പരിഷ്കരണങ്ങളുടെയും കണ്ണുകള്‍ തിരിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വരവുചെലവ് കണക്കുകളിലും ഭരണം നടത്തുന്നതില്‍ വന്ന വീഴ്ചകളിലും രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. അനാസ്ഥകള്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും, പഴുതടച്ചുള്ള പൂര്‍ണ്ണമായ ഡിജിറ്റല്‍ പരിഷ്കരണങ്ങള്‍ അനിവാര്യമാണെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്വത്തുക്കളും ഭക്തര്‍ നല്കുന്ന കാണിക്കയും പൂര്‍ണ്ണമായും ഭഗവാന്റേതാണെന്നും ദേവസ്വം മാനേജിങ് കമ്മിറ്റി കേവലം അത് പരിപാലിക്കുന്ന വിശ്വസ്തരായ ട്രസ്റ്റികള്‍ മാത്രമാണെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ദേവസ്വത്തിലെ വാര്‍ഷിക കണക്കുകളില്‍ ഗുരുതരമായ പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് ഇവിടെ അടിയന്തരമായി നടന്നേ പറ്റൂ. നിലവിലെ ഓഡിറ്റിങ് സംവിധാനത്തില്‍ ഘടനാപരമായ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, ഉടന്‍ തന്നെ ഇതില്‍ പരിഷ്കരണം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചു.
വാര്‍ഷിക കണക്കുകള്‍ അന്തിമമാക്കുന്നതിലെ നിരുത്തരവാദപരമായ കാലതാമസത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിന്റെ പേരിലുള്ള 65 ബാങ്ക് അക്കൗണ്ടുകളില്‍ 37 എണ്ണം മാത്രമാണ് നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. കൃത്യമായ വിവരങ്ങളുടെ അഭാവമാണ് പൂര്‍ണ്ണമായ ഓഡിറ്റിങ്ങിന് തടസ്സമാകുന്നത്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി 15 ദിവസത്തിനകം തന്നെ വരവുചെലവ് കണക്കുകള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതില്‍ നടപടിയുണ്ടാകുന്നില്ല. ‘ക്ഷേത്രത്തിലേക്ക് എത്തുന്ന തുക ഒരു രൂപയായാലും ഒരു കോടിയായാലും അതിന്റെ പൂര്‍ണ്ണമായ കണക്കുകള്‍ വ്യക്തവും സുതാര്യവുമായിരിക്കണം’ – കോടതി കടുപ്പിച്ചു പറഞ്ഞു.
കണക്കുകളിലെ തട്ടിപ്പുകള്‍ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഡിജിറ്റല്‍ ഓഡിറ്റിലേക്ക് ദേവസ്വം മാറിയേ തീരൂ. ഇതിനായി കേന്ദ്രീകൃത സോഫ്റ്റ്വെയറും ഓഡിറ്റ് ലോഗിന്‍ സംവിധാനവും അടിയന്തരമായി ഏര്‍പ്പെടുത്താന്‍ കോടതി ശുപാര്‍ശ ചെയ്തു. കൂടാതെ, പ്രതിവര്‍ഷം ജൂണ്‍ 30-ന് മുന്‍പായി ദേവസ്വത്തിന് കീഴിലുള്ള സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള സ്വത്തുക്കളും കൃത്യമായി തിട്ടപ്പെടുത്തി മൂല്യനിര്‍ണ്ണയം നടത്തണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ നിര്‍ദ്ദേശങ്ങളില്‍ എടുത്ത അടിയന്തര നടപടികള്‍ വിശദീകരിച്ചുകൊണ്ട് 10 ദിവസത്തിനകം കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ദേവസ്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ തിരുത്തലുകള്‍ വരുത്തി സുതാര്യത കൊണ്ടുവന്നതുപോലെ, ഗുരുവായൂരിലും പൂര്‍ണ്ണമായ ശുദ്ധീകരണം നടത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ഹൈക്കോടതി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു; വിജു ടി സെക്രട്ടറി
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു; വിജു ടി സെക്രട്ടറി







