തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന വിവാദ സ്ഥാപനത്തിന്റെ സ്വന്തം വക്കീലിന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഹൈക്കോടതിയില്‍ പ്രത്യേക നിയമനം നല്കിയ നടപടി ദുരൂഹമാകുന്നു. കേസിലെ വില്ലന്മാരെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കള്ളക്കളിയാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ അഡ്വ. കെ.ബി. പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി സര്‍ക്കാര്‍ തിരക്കിട്ട് നിയമിച്ചത്. നിയമവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ അവിശുദ്ധ നിയമനത്തിന് പിന്നിലെന്ന് പറഞ്ഞ് ദേവസ്വംമന്ത്രി കെ. മുരളീധരന് കൈയൊഴിഞ്ഞതോടെ സര്‍ക്കാര്‍ ക്യാമ്പിലും ഭിന്നത രൂക്ഷമായി.
തുടക്കം മുതല്‍ ഒട്ടനവധി ദുരൂഹതകള്‍ നിറഞ്ഞ ശബരിമല കേസില്‍, ദേവസ്വം വകുപ്പിനായി ഇതുവരെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പദവി മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, വിവാദ വക്കീലിനെ തിരുകിക്കയറ്റാന്‍ വേണ്ടി മാത്രം പ്രദീപിന് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ പദവി സര്‍ക്കാര്‍ പ്രത്യേകമായി വെച്ചുനീട്ടുകയായിരുന്നു. കേസിലെ മുഖ്യപ്രതികള്‍ക്ക് ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് പ്രത്യേക അന്വേഷകസംഘം നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചുവരുന്നതിനിടയിലാണ് സര്‍ക്കാരിന്റെ ഈ വക്കീല്‍ പ്രീതി.
തങ്ങള്‍ക്ക് ഡല്‍ഹിയിലെയും കേരളത്തിലെയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ഇടപാടുകളുണ്ടെന്ന് മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണന് പോറ്റിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ധനും അന്വേഷകസംഘത്തോട് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഉന്നത ബന്ധങ്ങള്‍ പുറത്തുവന്നാല്‍ കോണ്‍ഗ്രസിന്റെ പല വന്സ്രാവുകളും വലയിലാകുമെന്ന ഭയമാണ് ഇപ്പോള്‍ അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നില്‍. 2004-ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയെ ശബരിമലയിലെ പരികര്‍മിയായി നിയമിച്ചതിന് പിന്നിലും യു.ഡി.എഫ് സര്‍ക്കാരിന്റെ വഴിവിട്ട സഹായമുണ്ടായിരുന്നു.
അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവരായിരുന്നു പോറ്റിയുടെ പ്രധാന സംരക്ഷകര്‍. ഈ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ശബരിമലയില്‍ പോറ്റിയും സംഘവും അപ്രമാദിത്വം നേടിയെടുത്തത്. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മന്ത്രി കെ. മുരളീധരന് എന്നിവര്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വീട് പലതവണ സന്ദര്‍ശിച്ചതും കള്ളക്കടത്ത് സംഘത്തിന് വലിയ രാഷ്ട്രീയ തണലൊരുക്കിയിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്പ പാളികളിലെയും ശ്രീകോവിലിന്റെ വാതില്‍ പടിയിലെയും കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായി നേരിട്ട് ബന്ധമുള്ള സ്ഥാപനമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ്. ചെന്നൈയിലെ ഈ സ്ഥാപനത്തില്‍ കൊണ്ടുപോയാണ് പാളികളിലെ സ്വര്‍ണം വേര്‍തിരിച്ച് മാറ്റിയത്. സ്വര്‍ണം പൂശാനെന്ന വ്യാജേന 2019-ല്‍ ശരിയായ സാങ്കേതിക വിദ്യ പോലുമില്ലാത്ത ഈ സ്ഥാപനത്തിന് നിര്‍മ്മാണ കരാര്‍ നല്‍കിയതിന് പിന്നിലും അഴിമതിയുടെ കറുത്ത കൈകളുണ്ട്.
ശബരിമലയില്‍നിന്ന് മോഷ്ടിച്ച പവിത്രമായ സ്വര്‍ണം മറ്റ് പല പ്രമുഖ ക്ഷേത്രങ്ങളിലും കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷകസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. 2020 മുതല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഏറ്റെടുത്ത മുഴുവന്‍ നിര്‍മാണങ്ങളും കേസിന്റെ ഭാ?ഗമായി അന്വേഷണപരിധിയിലാണ് നില്‍ക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന കമ്പനിയുടെ വക്കീലിനെത്തന്നെ ദേവസ്വം കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചതാണ് വിശ്വാസികളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്നത്.
പലകുറി ചോദിച്ചിട്ടും കോണ്‍?ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്താത്ത ഏറ്റവും വലിയ ദുരൂഹത ഉണ്ണിക്കൃഷ്ണന് പോറ്റിയ്ക്ക് മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയുമായുള്ള ബന്ധമാണ്. എം.പിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കൊപ്പമാണ് പോറ്റി പത്ത് ജന്‍പഥ് വസതിയില്‍ എത്തിയത്. കോണ്‍ഗ്രസിന്റെ കുലപതി കെ. കരുണാകരന് പോലും പലപ്പോഴും പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിട്ടുള്ള, അതീവ സുരക്ഷാമേഖലയായ സോണിയയുടെ വസതിയിലേക്ക് ഈ തട്ടിപ്പുകാരന് എങ്ങനെ റെഡ് കാര്‍പെറ്റ് ലഭിച്ചു എന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇന്നും ഉത്തരമില്ല.
അതേസമയം, പ്രതിയുടെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കിയ നടപടിയെ വിചിത്രമായ ന്യായീകരണങ്ങളോടെയാണ് ദേവസ്വംമന്ത്രി കെ. മുരളീധരന് നേരിടുന്നത്. അഡ്വ. കെ.ബി. പ്രദീപിന്റെ നിയമനം മുഖ്യമന്ത്രി വി.ഡി. സതീശന്റെ അക്കൗണ്ടില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. പ്രതിക്കുവേണ്ടി കോര്‍ട്ടില്‍ വാദിച്ചയാള്‍ എങ്ങനെ സര്‍ക്കാരിന്റെ അഭിഭാഷകനാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേ’ എന്ന മുരളീധരന്റെ മറുപടി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പരിഹാസത്തിന് വഴിവെച്ചിട്ടുണ്ട്.
തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം മുഖ്യമന്ത്രി വി.ഡി. സതീശന് വിട്ടുകൊടുത്തിരുന്നുവെന്ന് മുരളീധരന് ആവര്‍ത്തിക്കുമ്പോഴും, ഈ നിയമനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച അദൃശ്യശക്തി ഏതാണെന്ന ചോദ്യം ബാക്കിയാകുന്നു. ശബരിമലയിലെ സ്വത്തുക്കള്‍ കൊള്ളയടിച്ച കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കീലിനെത്തന്നെ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതിന് തുല്യമാണ് ഈ നടപടി. ഇത് വരും ദിവസങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.
ഭക്തലക്ഷങ്ങളുടെ വികാരമായ ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച കേസ് ഒത്തുതീര്‍പ്പാക്കാനും സ്വന്തം നേതാക്കളുടെ തൊലി രക്ഷിക്കാനും യു.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന ഈ വ്യഗ്രത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിയുടെ വക്കീല്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങുന്നതോടെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെല്ലാം വിഫലമാകും. വരും ദിവസങ്ങളില്‍ ഈ വക്കീല്‍ നിയമനം നിയമസഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്നതില്‍ സംശയമില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കമ്മീഷണര്‍ കാര്‍ത്തിക് കടുത്ത നിലപാടില്‍; അന്ന് ചെന്നൈയിലായിരുന്ന കമ്മീഷണര്‍ മടങ്ങിയെത്തി; കേസ് അന്വേഷണം ഇനി നേരിട്ടുള്ള മേല്‍നോട്ടത്തില്‍; പ്രതികള്‍ക്ക് ജയിലില്‍ സഹായം കിട്ടുന്നുവോ എന്നും പരിശോധിക്കും





