അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ് കിട്ടും; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്‍ഫര്‍മേഷന്‍ ലിസ്റ്റിന് ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അംഗീകാരം നല്‍കി; പോലീസ് സേന കാത്തിരിക്കുന്ന പട്ടിക ഇതോ?

തിരുവനന്തപുരം: കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഐപിഎസ് കിട്ടും. 2023ലും 2024ലും കേരളത്തിന് അഞ്ചു വീതം ഐപിഎസ് പ്രമോഷന്‍ പോസ്റ്റുകളുണ്ട്. ഇതിനാണ് കേരളത്തില്‍ അന്തിമ രൂപം നല്‍കുന്നത്. അതായത് പത്ത് പേര്‍ക്ക് ഐപിഎസ് കിട്ടാനുള്ള സാധ്യതയാണുള്ളത്.

പ്രജീഷ് തോട്ടത്തില്‍, ഡോ എ നിസാം, ബി കൃഷ്ണകുമാര്‍ ജുനിയര്‍, ഇഎന്‍ സുരേഷ്, എയു സുനില്‍കുമാര്‍, എന്‍ രാജന്‍ ജൂനിയര്‍, ജി സാബു, സിഎസ് ഷാഹുല്‍ ഹമീദ്, പി വിക്രമന്‍, കെപി അബ്ദുള്‍ റസാഖ് എന്നിവര്‍ക്കാണ് ഐപിഎസിന് ശുപാര്‍ശ നല്‍കുന്നത്. സീനിയോറിട്ടിയും മറ്റ് മികവുകളും പരിഗണിച്ചാണ് ഇവര്‍ക്ക് ഐപിഎസ് പ്രമോഷന് ശുപാര്‍ശ. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്.

ഐപിഎസ് കിട്ടുന്നവര്‍ക്കെല്ലാം ഉന്നത പദവികളും കിട്ടും. വിക്രമനെ കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ എസ് പിയാകുമെന്നാണ് സൂചന. ഇവര്‍ക്കെല്ലാം ഉടന്‍ ഐപിഎസ് കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷ. മികച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് വിക്രമന്‍. മാമി കേസ് അന്വേഷണത്തിന് അടക്കം വിക്രമനെ നിയോഗിക്കാനാണ് ആലോചന. വൈ ആര്‍ റസ്റ്റം, പ്രശോഭ്, ജോസി ചെറിയാന്‍ എന്നിവരുടെ പേരും ഐപിഎസ് പട്ടികയിലുണ്ടായിരുന്നു.

ഇതില്‍ അച്ചടക്ക നടപടി തീരുന്ന മുറയ്ക്ക് ജോസി ചെറിയാനേയും ഐപിഎസിന് ശുപാര്‍ശ ചെയ്തു. മറ്റു രണ്ടു പേര്‍ക്കും ആരോപണങ്ങളാണ് ഐപിഎസ് കിട്ടാന്‍ തടസ്സമാകുന്നത്. ഡല്‍ഹിയിലാണ് ഐപിഎസുകാരെ കണ്ടെത്താനുള്ള യോഗം ചേര്‍ന്നത്.

രാജ്യത്തെ ക്രമസമാധാന പാലന രംഗത്തെ ഉന്നത പദവിയായ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് (ഐപിഎസ്) സ്ഥാനക്കയറ്റം വഴി നിയമനം നല്‍കുന്ന നടപടികളുടെ ഭാഗമാണ് ഇത്. സാധാരണയായി കേന്ദ്ര പൊതുസേവന കമ്മീഷന്‍ (യുപിഎസ്സി) നടത്തുന്ന മത്സര പരീക്ഷയിലൂടെയാണ് ഈ പദവിയിലേക്ക് നേരിട്ട് നിയമനം നടക്കാറുള്ളത്. എന്നാല്‍ സംസ്ഥാന പോലീസ് സര്‍വീസില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരെയും സീനിയോറിറ്റി പരിഗണിച്ച് ഈ ഉന്നത കേഡറിലേക്ക് ഉയര്‍ത്താറുണ്ട്. ഇത്തരത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമിയില്‍ പ്രത്യേക പരിശീലനം നല്‍കും. പദവി ഔദ്യോഗികമായി ലഭിക്കുന്നതോടെ ഇവര്‍ക്ക് ഐപിഎസ് ബാഡ്ജ് ധരിക്കാം. അസിസ്റ്റന്റ് സൂപ്രണ്ട് പദവിയിലോ എസ് പി റാങ്കിലോ ഔദ്യോഗിക കൃത്യനിര്‍വഹണം ആരംഭിക്കുന്ന ഇവര്‍ക്ക് പിന്നീട് സൂപ്രണ്ട്, ഡിഐജി, ഐജി എന്നീ പദവികളിലൂടെ പോലീസ് മേധാവി സ്ഥാനത്ത് വരെ എത്താന്‍ സാധിക്കും. ഇങ്ങനെ പോലീസ് മേധാവിയാകുന്നത് വിരളമാണ്.

ഓരോ വര്‍ഷവും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഇത്തരം സ്ഥാനക്കയറ്റം ലഭിച്ചവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. പോലീസ് സേനയുടെ നവീകരണത്തിനും പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പരിചയസമ്പന്നരായ ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം വലിയ പങ്കുവഹിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ചിലപ്പോഴെല്ലാം സ്വാധീനത്തിന്റെ പേരിലും ഐപിഎസ് പട്ടികയില്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ എത്താറുണ്ട്. ഇത് കേരളത്തില്‍ പലപ്പോഴും വിവാദവുമായിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.