തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പുറമേ മറ്റ് ബസുകളിലേക്കും വ്യാപിപ്പിച്ചേക്കും. പദ്ധതിയുടെ ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക. ഇതിനുശേഷം ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ക്ലാസ് സര്‍വീസുകളിലേക്ക് കൂടി സൗജന്യം വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരന്റി’യിലെ ഏറ്റവും ആകര്‍ഷകമായ പ്രഖ്യാപനമാണ് വനിതകളുടെ സൗജന്യ യാത്രാ പദ്ധതി. വരും ദിവസങ്ങളില്‍ തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. നടത്തിയ വിശദമായ പഠനങ്ങളുടെയും വരുമാന കണക്കെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയാല്‍ ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിന് വഴിതുറക്കുന്നത്.
സാമ്പത്തിക ബാധ്യത ഇങ്ങനെ
പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ഏകദേശ കണക്കുകള്‍ മാനേജ്‌മെന്റ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
ഓര്‍ഡിനറി ബസുകളില്‍ മാത്രം: പ്രതിവര്‍ഷം 712 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കുന്നത്.
എല്ലാ സര്‍വീസുകളിലേക്കും വ്യാപിപ്പിച്ചാല്‍: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിവര്‍ഷ ബാധ്യത 1300 കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തല്‍.
ആദ്യ 100 ദിവസത്തെ ഓര്‍ഡിനറി സര്‍വീസുകളിലെ യാത്രാ രീതിയും സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകും ദീര്‍ഘദൂര ബസുകളിലേക്കുള്ള മാറ്റം. ഈ അധിക ബാധ്യത സര്‍ക്കാര്‍ സബ്സിഡിയായി കെ.എസ്.ആര്‍.ടി.സിക്ക് നേരിട്ട് നല്‍കുമെന്നാണ് സൂചന.
മന്ത്രിസഭാ യോഗം നിര്‍ണ്ണായകം
പദ്ധതി സംബന്ധിച്ച അന്തിമ രൂപരേഖയും ഔദ്യോഗിക പ്രഖ്യാപനവും ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടായേക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത എങ്ങനെ മറികടക്കുമെന്നതിലും, തുക അനുവദിക്കുന്നതിലും ധനവകുപ്പും ഗതാഗതവകുപ്പും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബുധനാഴ്ചത്തെ യോഗത്തോടെ നിയന്ത്രണങ്ങളും മാര്‍ഗ്ഗരേഖയും സംബന്ധിച്ച പൂര്‍ണ്ണമായ വ്യക്തത വരും.
തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ വനിതകള്‍ക്കായുള്ള സൗജന്യ ബസ് യാത്ര വന്‍ വിജയമായ പശ്ചാത്തലത്തിലാണ് കേരളത്തിലും ഈ മാതൃക നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രം സൗജന്യമൊരുക്കി കോര്‍പ്പറേഷന്റെ വരുമാന ഘടനയെ ബാധിക്കാത്ത രീതിയില്‍ മുന്നോട്ട് പോകാനും, രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സ്ത്രീ സൗഹൃദമായി പദ്ധതിയെ മാറ്റാനുമാണ് ഗതാഗത വകുപ്പിന്റെ പ്ലാന്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പകുതിയിലേറെ വോട്ടുമായി 51 പേര്; യുഡിഎഫിന് ജനകീയ അംഗീകാരത്തിന്റെ തിളക്കം; ലീഗ് കോട്ടകളില്‍ വോട്ടുപെട്ടി നിറഞ്ഞു


