കോഴിക്കോട്: പശ്ചിമേഷ്യന്‍ ആകാശത്ത് യുദ്ധമേഘങ്ങള്‍ കനക്കുന്നതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ഏതു നിമിഷവും സ്ഥിതിഗതികള്‍ മാറിമറിയാമെന്ന ഭീതി പ്രവാസലോകത്തെ ഗ്രസിച്ചിരിക്കുകയാണ്. വ്യോമപാതകളിലെ അനിശ്ചിതത്വം കാരണം നാട്ടിലേക്കുള്ള മടക്കയാത്ര അസാധ്യമായതോടെ പലരും ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
മേഖലയിലെ വ്യോമപാതകള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികളെല്ലാം സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ പോലും വിമാനങ്ങള്‍ ലഭിക്കാതെ വലയുകയാണ്. സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ലഭ്യമായ ടിക്കറ്റുകള്‍ക്ക് വന്‍തുകയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഇതിനൊപ്പം വിമാനം ഇല്ലാത്തതും പ്രതിസന്ധിയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളുടെ ഭാവിയിലും കരിനിഴല്‍ വീണിരിക്കുകയാണ്. പല വിദ്യാലയങ്ങളിലും നിര്‍ണ്ണായകമായ പരീക്ഷകള്‍ നടന്നു വരുന്ന സമയമാണിത്. സംഘര്‍ഷം കടുക്കുകയും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വരികയും ചെയ്താല്‍ അധ്യയന വര്‍ഷം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. പത്താം ക്ലാസിലും പ്ലസ് ടുവിലും കേരളാ പാഠ്യരീതിയില്‍ പഠിക്കുന്നവര്‍ വലിയ ആശങ്കയിലാണ്. സ്കൂളില്‍ കുട്ടികളെ വിടാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
സ്ഥിതി വഷളായാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതിനെക്കുറിച്ച് പല സ്കൂളുകളും ആലോചിക്കുന്നുണ്ട്. എങ്കിലും യുദ്ധഭീതി കുട്ടികളുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള പ്രിയപ്പെട്ടവരുടെ സുരക്ഷയെ ഓര്‍ത്ത് കേരളത്തിലെ വീടുകളിലും പ്രാര്‍ത്ഥനകളും ആശങ്കയും മാത്രമാണ് ബാക്കി. ഫോണ്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമോ എന്ന ഭയമാണ് പലര്‍ക്കും.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം ശക്തമല്ല എന്നത് മാത്രമാണ് ഏക ആശ്വാസം. ഇറാനിതിരെ അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ ഇറാന്റെ തിരിച്ചടി വീണ്ടും ഗള്‍ഫ് രാജ്യങ്ങളിലുണ്ടാകും. അങ്ങനെ എങ്കില്‍ വീണ്ടും പ്രവാസി മലയാളികള്‍ ആശങ്കയിലാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല പടിപൂജ ബുക്കിംഗിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; വ്യാജ മേൽവിലാസത്തിൽ ബുക്കിംഗ് നടന്നതായി വിജിലൻസ് കണ്ടെത്തൽ.





