ഉയരക്കുറവിനെ നിശ്ചയദാര്‍ഢ്യം കൊണ്ട് കീഴടക്കി എസ്തര്‍; പ്ലസ്ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം

കട്ടപ്പന: ശാരീരികമായ പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് എസ്തര്‍ മരിയ ടോമി. വെറും 80 സെന്റീമീറ്റര്‍ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള ഈ മിടുക്കി, പ്രതിസന്ധികളെയെല്ലാം കാറ്റില്‍പ്പറത്തി പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ചു.
വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് എസ്തര്‍. ഇതേ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി എസ്തര്‍ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ജനിച്ച സമയത്ത് സാധാരണ കുട്ടികളെപ്പോലെ ശരീരഭാരം ഉണ്ടായിരുന്നെങ്കിലും, പിന്നീട് ഹോര്‍മോണ്‍ കുറവ് എസ്തറിന്റെ ശാരീരിക വളര്‍ച്ചയെ ബാധിക്കുകയായിരുന്നു. മൂന്നാം ക്ലാസ് വരെ സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നായിരുന്നു പഠനം. ഈ കാലയളവില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ സ്വന്തം പരിശ്രമത്തിലൂടെ എസ്തര്‍ പഠിച്ചെടുത്തു. എസ്തറിന്റെ അമ്മയും ഇതേ സ്‌കൂളിലെ സോഷ്യോളജി അധ്യാപികയുമായ ഫിലോമിന സെബാസ്റ്റ്യനാണ് മകളുടെ ഈ സ്വയംപഠന മികവിനെക്കുറിച്ച് വ്യക്തമാക്കിയത്.
നാലാം ക്ലാസ് മുതലാണ് വെള്ളയാംകുടി സ്‌കൂളില്‍ എസ്തര്‍ നേരിട്ടെത്തി പഠനം ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ അമ്മ എടുത്തു കൊണ്ടായിരുന്നു സ്‌കൂളില്‍ എത്തിച്ചിരുന്നത്. പിന്നീട് ഓട്ടോറിക്ഷയിലായി യാത്രകള്‍.
പഠനത്തോടൊപ്പം ജോലിയിലും മികവ് പുലര്‍ത്തുന്ന എസ്തര്‍, നിലവില്‍ ഒരു കമ്പനിയില്‍ ഐ.ടി. സപ്പോര്‍ട്ടറായി ‘വര്‍ക്ക് ഫ്രം ഹോം’ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. എന്‍ജിനീയറിങ്ങില്‍ ഉന്നതപഠനം നടത്തണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം; ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ത്തന്നെ ആരംഭിച്ചുകഴിഞ്ഞു.
വെള്ളയാംകുടി ഇടയാല്‍ റിട്ട. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥന്‍ ടോമി ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ് എസ്തര്‍. മോനി മരിയ, അലീന മരിയ, ഡാനിയല്‍ ജോസ് എന്നിവര്‍ സഹോദരങ്ങളാണ്. ശാരീരികമായ പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിട്ട എസ്തറിന്റെ ഈ വിജയം നാടിനാകെ മാതൃകയും അഭിമാനവുമായി മാറിയിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.