വിധിയെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം; വീല്‍ചെയറില്‍ നിന്ന് സിവില്‍ സര്‍വീസിന്റെ ഉന്നതങ്ങളിലേക്ക് ഡോ ആതിര

കോഴിക്കോട്: വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്തുനിന്ന് നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയഗാഥ രചിച്ചിരിക്കുകയാണ് ഡോ. ആതിര സുഗതന്‍. ഓര്‍മകളും ചലനശേഷിയും കവര്‍ന്നെടുത്ത വാഹനാപകടത്തിന്റെ ആഘാതങ്ങളെ അതിജീവിച്ച്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയാണ് ഈ കോഴിക്കോട്ടുകാരി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പരിമിതികളെ പരിഭവിച്ചല്ല, പരിശ്രമം കൊണ്ട് മറികടക്കുകയാണ് വേണ്ടതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ മിടുക്കി.
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവില്‍ നാലാം ശ്രമത്തിലാണ് ആതിര ലക്ഷ്യത്തിലെത്തിയത്. ബി.ഡി.എസ്. ബിരുദധാരിയായ ആതിരയുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് കോവിഡ് കാലത്തെ സന്നദ്ധസേവനമാണ്. ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വോളന്റിയറായി സേവനം ചെയ്തതും ‘ചിത്രശലഭം’ എന്ന പ്രോജക്റ്റില്‍ പങ്കാളിയായതുമാണ് ആതിരയെ സിവില്‍ സര്‍വീസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് നയിച്ചത്. മലയാളം ഓപ്ഷണല്‍ ആയി തിരഞ്ഞെടുത്ത ആതിര, മലയാളത്തിലാണ് അഭിമുഖത്തെയും നേരിട്ടത്.
പകല്‍ വെളിച്ചവും രാത്രിയുടെ നിശബ്ദതയും ആതിരയ്ക്ക് പഠനത്തിനുള്ള സമയമായിരുന്നു. ദിവസവും നാല് മണിക്കൂര്‍ മാത്രമാണ് ആതിര ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ ഏകാഗ്രമായ പഠനത്തിനായി നീക്കിവെച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആവിഷ്‌കരിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പദ്ധതിയാണ് ആതിരയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ റോയ് പോള്‍, മുന്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് തുടങ്ങിയ പ്രഗത്ഭരുടെ കീഴില്‍ ലഭിച്ച ഇന്റര്‍വ്യൂ പരിശീലനം ആതിരയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. വാഹനാപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെട്ട ഇരുളടഞ്ഞ നാളുകളില്‍ നിന്ന്, ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളിലേക്ക് പടര്‍ന്നുകയറുന്ന ആതിര സുഗതന്‍ വരുംതലമുറയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയൊരു പാഠപുസ്തകമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.