തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും ലേണേഴ്സ് ലൈസൻസ് പരീക്ഷകളുടെ സുതാര്യത വർധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ലൈസൻസ് പരീക്ഷയും നടത്തും.
നിലവിലെ പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് ശേഷി അമ്പതാക്കി ഉയർത്താനും ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരികത ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിനോ തൊഴിലിനോ പോകുന്നതിന് മുമ്പ് ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ലൈസൻസും നേടാൻ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഗതാഗത കമ്മിഷണറു ടെ നടപടി.
ട്രൈവിംഗ് ടെസ്റ്റിനുള്ള 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ അപേക്ഷകർക്കും 20 സ്ലോട്ട് വീണ്ടും പരീക്ഷ എഴുതുന്നവർക്കും രണ്ട് സ്ലോട്ട് വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ തൊഴിൽ, പഠനം എന്നിവയ്ക്കായി അടിയന്തരമായി ലൈസൻസ് ആവശ്യമുള്ളവർക്ക് സംവരണം ചെയ്യും. എന്നാൽ ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമേ ഈ പ്രത്യേക ക്വാട്ട അനുവദിക്കാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്.
ലേണേഴ്സ് ലൈസൻസ് പരീക്ഷകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന നിലവിലെ സംവിധാനത്തിൽ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയ ആധികാരികത പരിശോധന ഉൾപ്പെടുത്തും. ദേശീയ ഇൻഫർമാറ്റിക്സ് സെന്റർ സാരഥി സോഫ്റ്റ്‌വെയറിൽ ഈ സൗകര്യം സജ്ജമാക്കുന്ന മുറയ്ക്ക് സംവിധാനം പ്രാബല്യത്തിൽ വരും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും പരീക്ഷയ്ക്കിടെ ആവശ്യമായ ഘട്ടങ്ങളിലും ഉദ്യോഗാർഥിയുടെ മുഖം തിരിച്ചറിയൽ പരിശോധന നടത്തും. പരീക്ഷ മോട്ടോർ വാഹന വകുപ്പിന്റെ പരീക്ഷാ ഹാളുകളിൽ മാത്രമേ അനുവദിക്കൂ. അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടറുടെ കർശന മേൽനോട്ടവും നിർബന്ധമാക്കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വയനാട് ടൗൺഷിപ്പിലെ വിള്ളൽ വിവാദം: ആരോപണം തള്ളി റവന്യൂ മന്ത്രി കെ. രാജൻ; വീടുകൾ പൂർണ സുരക്ഷ ഉറപ്പാക്കി മാത്രം കൈമാറുമെന്ന് പ്രഖ്യാപനം





