കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന ‘വോട്ട് കച്ചവടം’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ പ്രയോഗങ്ങള്‍ക്ക് പിന്നാലെ ‘ഡീല്‍’ വിവാദവും കത്തുന്നു. പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിയെ സഹായിക്കാന്‍ സി.പി.എം രഹസ്യ ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയ പോര്‍മുഖം തുറന്നിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള യു.ഡി.എഫ് തന്ത്രമാണിതെന്ന് സി.പി.എം ആരോപിക്കുമ്പോള്‍, പിണറായി വിജയന് സര്‍ക്കാരിന്റെ ബി.ജെ.പി ബന്ധം തുറന്നുകാട്ടാനാണ് തങ്ങളുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
പാലക്കാട് മണ്ഡലത്തില്‍ സി.പി.എം ബോധപൂര്‍വം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ബി.ജെ.പിയെ വിജയിപ്പിക്കാനാണെന്ന് വി.ഡി. സതീശന് ആരോപിച്ചു. ഇതിന് പകരമായി മറ്റ് പത്ത് സീറ്റുകളില്‍ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുന്ന ‘ഡീല്‍’ നിലവിലുണ്ട്. ‘ആകാശത്തുനിന്ന് നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരനായ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. കേരളത്തില്‍ ഇരട്ടച്ചങ്ക് കാണിക്കുന്ന മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ മോദിക്ക് മുന്നില്‍ 90 ഡിഗ്രിയില്‍ കുനിയുകയാണ്,’ സതീശന് പരിഹസിച്ചു. ജി. സുധാകരനെതിരെ ‘ചെറ്റത്തരം’ എന്ന വാക്ക് ഉപയോഗിച്ച മുഖ്യമന്ത്രി മാന്യത കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കണ്ണൂരില്‍ പ്രതികരിച്ചു. ‘നുണ പറയുന്നതില്‍ നൊബേല്‍ സമ്മാനം കിട്ടാന്‍ അര്‍ഹതയുള്ളയാളാണ് സതീശന്. രാവിലെ മുതല്‍ രാത്രി വരെ നുണകള്‍ മാത്രം പറയുന്ന പ്രതിപക്ഷ നേതാവായി അദ്ദേഹം മാറി. യു.ഡി.എഫിലെ പടലപ്പിണക്കങ്ങള്‍ മറയ്ക്കാനാണ് ഇത്തരം പുകമറകള്‍ സൃഷ്ടിക്കുന്നത്,’ ഗോവിന്ദന് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സി.പി.എം-ബി.ജെ.പി ബന്ധം സജീവ ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനാണെന്ന വിലയിരുത്തല്‍ ശക്തമാണ്. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് വരുത്തിത്തീര്‍ക്കാനാണ് യു.ഡി.എഫ് ശ്രമം. അതേസമയം, ബി.ജെ.പിയുടെ ‘ബി ടീം’ ആണ് കോണ്‍ഗ്രസ് എന്ന് സ്ഥാപിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. മുഖ്യമന്ത്രി ‘അവള്‍ക്കൊപ്പം’ എന്ന വാചകം മാറ്റി ‘അവനൊപ്പം’ ആയെന്നും ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് കാലം മറുപടി നല്‍കുമെന്നും സതീശന് ഓര്‍മ്മിപ്പിച്ചത് ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്.
ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നും സതീശന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഈ ‘ഡീല്‍’ വിവാദം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി നിശ്ചയിക്കുമെന്ന് ഉറപ്പായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കളംമാറ്റിച്ചവിട്ടി, ഒടുവിൽ കൈവിട്ട് സിപിഎമ്മും! കെ.വി തോമസും ലതികാ സുഭാഷും എങ്ങോട്ട്?





