തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിന്റെ പേരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വ്യക്തിപരമായി വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ച പ്രതിപക്ഷത്തിന് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. മന്ത്രിയുടെ വീട് ആക്രമിച്ചും പൊതുപരിപാടികള്‍ തടസ്സപ്പെടുത്തിയും നാടാകെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫിന്റെ കളി കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഞ്ഞടിച്ചു.
മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി റീത്ത് വെച്ചതും പോലീസ് വാഹനം തല്ലിപ്പൊളിച്ചതും ജനാധിപത്യപരമായ സമരമല്ലെന്നും വെറും ‘അലമ്പ്’ ആണെന്നുമാണ് പാര്‍ട്ടിയുടെ പക്ഷം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകന്‍ സുനില്‍ കനഗോലു മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റുന്ന നുണയുദ്ധം കേരളത്തില്‍ വിലപ്പോകില്ലെന്നും സിപിഎം പരിഹസിച്ചു.
യുഡിഎഫ് കാലത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രങ്ങളായിരുന്നുവെന്ന കാര്യം ജനങ്ങള്‍ മറന്നിട്ടില്ലെന്ന് പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നു. ‘അന്ന് മരുന്നോ ചികിത്സയോ ഇല്ലാത്ത അവസ്ഥയില്‍ സിപിഎം സമരം ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു മന്ത്രിയുടെയും വീട്ടില്‍ ചെന്ന് റീത്ത് വെച്ചിട്ടില്ല’- കമ്മ്യൂണിസ്റ്റുകാര്‍ ത്യാഗം സഹിച്ചു വളര്‍ന്നവരാണെന്നും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയാന്‍ കരുത്തുണ്ടെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഉള്ളതിനേക്കാള്‍ കുറഞ്ഞ പിഴവുകള്‍ മാത്രമേ കേരളത്തിലെ സര്‍ജറികളില്‍ സംഭവിക്കുന്നുള്ളൂ. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ആരോഗ്യമേഖലയെ മൊത്തം കരിവാരിത്തേക്കാന്‍ മാധ്യമങ്ങളും പ്രതിപക്ഷവും കൈകോര്‍ക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ലോകത്തിന് മാതൃകയായ ഹൃദയമാറ്റ ശസ്ത്രക്രിയയും കരള്‍ മാറ്റ ശസ്ത്രക്രിയയും സര്‍ക്കാര്‍ ആശുപത്രിയില്‍ നടപ്പാക്കിയ വീണ ജോര്‍ജിന്റെ തിളക്കം കെടുത്താനാണ് ഈ ആസൂത്രിത നീക്കമെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നു.
നാടിനെ കുട്ടിച്ചോറാക്കുന്ന കുപ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നോക്കുന്നവര്‍ക്ക് വരുംദിവസങ്ങളില്‍ തിരിച്ചടി ലഭിക്കുമെന്നുമുള്ള പരോക്ഷ മുന്നറിയിപ്പോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.


കേരള നിയമസഭയില്‍ ബിജെപിക്ക് എംഎല്‍എ; സിപിഐ വിട്ട് സി.സി. മുകുന്ദന് ബിജെപിയില്‍
ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?





