ഉഭയകക്ഷി സമ്മതത്തോടെയുള്ള പരസ്ത്രീ ബന്ധമാണെങ്കില്‍ പോലും ഒരു രാഷ്ട്രീയക്കാരന് വേണ്ട അടിസ്ഥാന ധാര്‍മ്മികത രാഹുല്‍ ലംഘിച്ചു; പക്ഷേ കോടതിയില്‍ കുറ്റം തെളിയാതെ അയോഗ്യത അനുവദിക്കില്ല; മാങ്കൂട്ടത്തിലിനെ പുറത്തു നിര്‍ത്തി സിപിഎമ്മിനെ തിരുത്താന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്ത്രീവിവാദങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് എത്തിയത് കോണ്‍ഗ്രസ് തീരുമാന പ്രകാരം. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്നാണ് സതീശന്റെ പക്ഷം.

കോടതിയില്‍ കുറ്റം തെളിയും വരെ ഒരാളെ അയോഗ്യനാക്കുന്നത് മോശം കീഴ്വഴക്കമുണ്ടാക്കുമെന്ന് സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നു. രാഹുലിനെ പണ്ടേ എതിര്‍ത്തിരുന്ന സതീശന്‍ ഇപ്പോള്‍ ഇങ്ങനെയൊരു നിലപാടെടുത്തത് കോണ്‍ഗ്രസിലെ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രാഹുലിനെ എംഎല്‍എ കസേരയില്‍ നിന്ന് സംരക്ഷിക്കുമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇയാള്‍ക്ക് ഇനി സ്ഥാനമുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമായ സൂചന നല്‍കി.

ഉഭയകക്ഷി സമ്മതത്തോടെയുള്ള പരസ്ത്രീ ബന്ധമാണെങ്കില്‍ പോലും ഒരു രാഷ്ട്രീയക്കാരന് വേണ്ട അടിസ്ഥാന ധാര്‍മ്മികത രാഹുല്‍ ലംഘിച്ചുവെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ രാഹുലിനെ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഔദ്യോഗിക പദവികളില്‍ നിന്നും അകറ്റി നിര്‍ത്താനാണ് തീരുമാനം. അതായത് അയോഗ്യനാക്കി രാഷ്ട്രീയം കളിക്കാനുള്ള സിപിഎം നീക്കത്തെ കോണ്‍ഗ്രസ് അംഗീകരിക്കില്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസിയും എത്തിയതായാണ് വിവരം. വ്യക്തിപരമായ സ്വഭാവദൂഷ്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് നേതാക്കള്‍ ഭയക്കുന്നു. സമാനമായ ആരോപണങ്ങള്‍ നേരിടുന്ന ഇടത് എംഎല്‍എമാര്‍ക്കെതിരെ നടപടിയില്ലാത്ത സാഹചര്യത്തില്‍ രാഹുലിനെതിരെ ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തിയാല്‍ അതിനെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് തീരുമാനം.

എത്തിക്സ് കമ്മിറ്റി പരിധി വിട്ട് പ്രവര്‍ത്തിക്കരുതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിലയിരുത്തി. കമ്മിറ്റി അംഗങ്ങളായ റോജി എം. ജോണും യു.എ. ലത്തീഫും നിയമസഭയ്ക്കുള്ളില്‍ രാഹുലിനെതിരായ നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് സ്ഥാനമുണ്ടാകില്ല. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ടാലും കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഔട്ടായിക്കഴിഞ്ഞു എന്നാണ് അണിയറ സംസാരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.