സിപിഎമ്മിനു പിന്നാലെ ഭവന സന്ദർശനവുമായി കോൺഗ്രസ്സും; ഫെബ്രുവരി 20 മുതൽ കോൺഗ്രസ് നേതാക്കൾ വീടുകളിലെത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികളുമായി കെപിസിസി. ഫെബ്രുവരി 20 മുതൽ 28 വരെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ഭവന സന്ദർശനം നടത്താൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ അക്കമിട്ടു നിരത്തുന്ന ലഘുലേഖകൾ ഈ വേളയിൽ വിതരണം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയായ ‘പുതുയുഗയാത്ര’ വൻ വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായും ആഗോള അയ്യപ്പ സംഗമവുമായും ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കൃത്രിമ രേഖകൾ ചമച്ച് പണാപഹരണത്തിന് ഗൂഢാലോചന നടത്തിയവരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.സിപിഎം ക്രിമിനലുകൾക്ക് ഒരു നിയമവും സാധാരണക്കാർക്ക് മറ്റൊരു നിയമവുമാണ് കേരളത്തിലുള്ളത്. എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഭവന സന്ദർശന പരിപാടികൾക്ക് അതത് പ്രദേശങ്ങളിലെ പ്രമുഖ നേതാക്കൾ നേരിട്ട് നേതൃത്വം നൽകും. താഴെത്തട്ടിൽ പാർട്ടി സംവിധാനത്തെ ചലിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, കെ.ജെ. ജോർജ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.