തിരുവനന്തപുരം: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, രാഹുലിനെതിരെ കടുത്ത നിലപാടുമായി കെപിസിസി. രാഹുലുമായി കൃത്യമായ അകലം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കും. വരും ദിവസങ്ങളില്‍ പാര്‍ട്ടി നടത്തുന്ന ഒരു പരിപാടികളിലും രാഹുലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്കുന്ന സൂചന.
തുടര്‍ച്ചയായ പീഡന പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പ്രത്യേകിച്ച് പാലക്കാട്ടെ നേതാക്കളും പ്രവര്‍ത്തകരും രാഹുലിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നേതൃത്വം അറിയിച്ചു. രാഹുലിനെ പരസ്യമായി പിന്തുണയ്ക്കുന്നത് ജനവികാരത്തിന് വിരുദ്ധമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. നിയമസഭാ സീറ്റും മാങ്കൂട്ടത്തിലിന് നല്‍കില്ല.
നിലവില്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന രാഹുല്‍, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ ജയില്‍ മോചിതനാകും. ജനുവരി 11-ാം തീയതി പാലക്കാട്ടെ ഹോട്ടലില്‍നിന്നാണ് നാടകീയമായ നീക്കങ്ങളിലൂടെ പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ദിവസമായി അദ്ദേഹം ജയിലിലായിരുന്നു. ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരി ഇതുവരെ നേരിട്ട് മൊഴി നല്‍കിയിട്ടില്ലെന്നതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പരാതിക്കാരി വിദേശത്തായതിനാല്‍ എംബസി വഴി മൊഴി രേഖപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും, അന്വേഷണത്തോട് രാഹുല്‍ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അതിജീവിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ സമാനമായ രണ്ട് പരാതികളില്‍ രാഹുല്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ മൂന്നാമത്തെ കേസില്‍ കീഴ്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുലിന് ജയിലില്‍ കഴിയേണ്ടി വന്നത്. ജാമ്യം ലഭിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും നേരിടുന്ന കടുത്ത സമ്മര്‍ദ്ദം രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊച്ചി മേയര്‍ തര്‍ക്കം: കെപിസിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി ഗൂഡാലോചന; ദീപ്തിയെ വെട്ടിയത് ഗ്രൂപ്പുകളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് വിമര്‍ശനം; കെസി അതൃപ്തിയില്‍; മേയര്‍ ആകാനില്ലെന്ന് ദീപ്തി





