പാലക്കാട്: വിധിയെഴുത്തിന് കേരളം തയ്യാറെടുക്കുന്ന നിശബ്ദ പ്രചാരണ ദിനത്തില്‍ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന ആരോപണം പുറത്തുവരുന്നു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കണ്ണാടി തരുവാക്കുറിശ്ശി മേഖലയില്‍ വയോധികയ്ക്ക് പണം നല്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പണം കൈമാറിയതെന്നും ഇത് തടയാന്‍ ശ്രമിച്ചവരെ സ്ഥാനാര്‍ത്ഥി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇതിനുപുറമെ, ഒരു പ്രാദേശിക ക്ഷേത്രത്തിന് 50,000 രൂപ നല്‍കിയെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. സമാനമായ രീതിയില്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ്, എല്‍ഡിഎഫ് ക്യാമ്പുകള്‍ കുറ്റപ്പെടുത്തുന്നു.
പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ എത്തിയതോടെ കമ്മീഷന്റെ നിലപാട് വോട്ടെടുപ്പ് ദിവസം നിര്‍ണ്ണായകമാകും. 30,495 ബൂത്തുകളിലായി 2,71,42,952 വോട്ടര്‍മാര്‍ വ്യാഴാഴ്ച ബൂത്തിലെത്താനിരിക്കെ, 2040 പ്രശ്നബാധിത ബൂത്തുകളില്‍ കമ്മീഷന് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. പണം വിതരണം ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ച് സ്ഥാനാര്‍ത്ഥിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഒരു വയോധികയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതും പിന്നീട് ഇവര്‍ ശോഭാ സുരേന്ദ്രന്റെ കാറില്‍ കയറിപ്പോകുന്നതുമായ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. സമീപത്തെ മരണവീട് സന്ദര്‍ശിക്കാനെത്തിയ ശോഭയും സംഘവും തൊട്ടടുത്ത വീട്ടിലെ വയോധികയുമായി സംസാരിക്കുകയും തുടര്‍ന്ന് കൂടെയുണ്ടായിരുന്ന സ്ത്രീ 5000 രൂപ വയോധികയ്ക്ക് കൈമാറുകയുമായിരുന്നുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
സംഭവം ചോദ്യം ചെയ്ത പ്രവര്‍ത്തകരോട് സ്ഥാനാര്‍ത്ഥി ക്ഷുഭിതയായി സംസാരിക്കുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പാലക്കാട് നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉള്‍പ്പെടെയുള്ളവര്‍ സംഭവസമയത്ത് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. പണം ലഭിച്ച വയോധിക കൈ തുറന്ന് പണം കാണിച്ചുതരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
പരാതി അതീവ ഗൗരവത്തോടെ പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്, സംഭവത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളത്തിൽ എൻ. പ്രഭാകരന്റെ ‘മായാമനുഷ്യർ’ക്ക് പുരസ്കാരം





