തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ട് മുന്‍ ഇടതുപക്ഷ സര്‍ക്കാരും വഖഫ് ബോര്‍ഡും ചേര്‍ന്ന് മുനമ്പം ഭൂമി ‘ഉമീദ്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശന്. തിരഞ്ഞെടുപ്പ് കാലത്ത് മുനമ്പത്ത് നേരിട്ടെത്തി ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയവര്‍ തന്നെ പശ്ചാത്തലത്തില്‍ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഈ ഭൂമി തിടുക്കപ്പെട്ട് ചേര്‍ത്തത് ദുരൂഹമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പുതിയ സര്‍ക്കാരിന് ഭരണപരമായ വലിയൊരു കെണിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പോയപോക്കില്‍ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു.
സാധാരണ ഗതിയില്‍ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അതിന്റെ സൂക്ഷിപ്പ് ചുമതലയുള്ള മുത്തവല്ലിമാരാണ്. എന്നാല്‍ മുനമ്പം വിഷയത്തില്‍ എല്ലാ ചട്ടങ്ങളും മറികടന്ന് വഖഫ് ബോര്‍ഡ് നേരിട്ടാണ് പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. ഈ അസാധാരണ നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ഒരു ഭൂമി വഖഫ് സ്വത്താണെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍, തലമുറകളായി അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യര്‍ നിയമപരമായി വെറും കയ്യേറ്റക്കാരായി മാറും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ജനങ്ങളെ ദ്രോഹിക്കാനാണ് വഖഫ് ബോര്‍ഡ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മുനമ്പത്ത് നിന്ന് ഒരാളെപ്പോലും കുടിയൊഴിപ്പിക്കുന്ന പ്രശ്നമില്ല. നിലവിലെ നിയമക്കുരുക്കുകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് തങ്ങളുടെ സ്ഥലത്തിന് നികുതി (കരം) ഒടുക്കാനുള്ള കൃത്യമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കും. വഖഫ് ബോര്‍ഡ് ബോധപൂര്‍വ്വം ഉണ്ടാക്കിയ ഈ നിയമപ്രശ്നത്തെ സര്‍ക്കാര്‍ നിയമപരമായി തന്നെ ശക്തമായി നേരിടും.’ – മുഖ്യമന്ത്രി വി.ഡി. സതീശന്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പത്തു മിനിറ്റില്‍ മുനമ്പം പ്രശ്നത്തില്‍ തീരുമാനമെടുക്കുമെന്ന് താന്‍ പ്രഖ്യാപിച്ചിരുന്നു. അത് കൃത്യമായി നടപ്പാക്കാതിരിക്കാനും പുതിയ സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പൂട്ടാനുമാണ് മുന്‍ ഭരണകൂടം ഈ ചതിച്ചെയ്ത്ത് ചെയ്തത്. മുനമ്പം ഭൂമിപ്രശ്നത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ വലിയ രീതിയിലുള്ള മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്.
ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നോക്കുന്ന സംഘപരിവാറിന്റെ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്ന നിലപാടാണ് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വി.ഡി. സതീശന് മാധ്യമങ്ങളോട് വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കെ.എം എബ്രഹാം രാജിവച്ചു; ഭരണമാറ്റം ഉറപ്പായതോടെ നീക്കം





