തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇടത് സൈബർ ഇടങ്ങളിൽ മമ്മൂട്ടിക്കെതിരെ ഉയർന്ന കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
സിപിഎമ്മുകാർക്ക് പോലും മമ്മൂട്ടിയെ തിരിച്ചറിയാതായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയെന്നും ആ നന്മയെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം പാർട്ടിയുടെ സൈബർ പോരാളികൾ പോലും താരത്തെ ആക്ഷേപിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
മമ്മൂട്ടിയുടെ ടൗൺഷിപ്പ് സന്ദർശനം സർക്കാരിനെയോ പാർട്ടിയോ അറിയിച്ചുകൊണ്ടുള്ള ഒന്നായിരുന്നില്ല. അത് അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ താല്പര്യമായിരുന്നു.ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ആരും ശ്രദ്ധിച്ചില്ലെന്നും പകരം വിവാദങ്ങൾക്കാണ് മുൻഗണന നൽകിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എന്തിനെയും വിവാദമാക്കാൻ ശ്രമിക്കുന്നവരാണ് ഈ സന്ദർശനത്തെയും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പി.കെ. ശശി പുറത്തേക്ക്! കെടിഡിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ
സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും കക്ഷിരാഷ്ട്രീയ ഭേദമെന്യേ മമ്മൂട്ടിക്കെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി മമ്മൂട്ടിയെ പിന്തുണയ്ക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതോടെ ഈ സൈബർ യുദ്ധത്തിന് അറുതിയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.


നിയമസഭാ പോരാട്ടത്തിന് ബി.ഡി.ജെ.എസ്; 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു





