ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ എഡിജിപിയുടെ ഓഫീസ് ഇടപെട്ട് വന്‍ അട്ടിമറി നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ആലപ്പുഴ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണിത്. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ പ്രതിയാക്കി പ്രത്യേക എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്നതിനുള്ള കടുത്ത നിയമവശങ്ങള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ചു വരികയാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ മര്‍ദ്ദനമുറകളെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിച്ച് എഴുതിത്തള്ളാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി പൊളിയുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസ് ഡയറി അട്ടിമറിച്ചതിലും വ്യാജരേഖ ചമച്ചതിലും ഐ.പി.എസ്. റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍ പ്രതിക്കൂട്ടിലാകുന്ന അത്യപൂര്‍വ്വ സാഹചര്യമായതിനാല്‍, സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) തന്നെ ഈ കേസിന്റെ അന്വേഷണം നേരിട്ട് ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കേസില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ എഡിജിപിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് വ്യാജ രേഖകള്‍ ചമച്ചതായാണ് എസ്.ഐ.ടി. കോടതിയെ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ മുന്‍പ് തയ്യാറാക്കിയ കേസ് ഡയറി തന്നെ അട്ടിമറിക്കപ്പെട്ടു. മര്‍ദ്ദനം നടന്നിട്ടില്ലെന്ന തെറ്റായ നറേറ്റീവ് കോടതിക്ക് മുന്നില്‍ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി എഡിജിപിയുടെ ഓഫീസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജ റിപ്പോര്‍ട്ട് ഒപ്പുവെക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വരുത്താന്‍ പോലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നായിരുന്നു മുന്‍പ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ പ്രസ്താവന പൂര്‍ണ്ണമായും കള്ളമാണെന്ന് എസ്.ഐ.ടി. കണ്ടെത്തി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് എഡിജിപിയെ കൃത്യമായി കുടുക്കിയത്.
താന്‍ മര്‍ദ്ദനത്തിന്റെ യാതൊരു ദൃശ്യങ്ങളും പകര്‍ത്തിയിട്ടില്ലെന്ന് പോലീസ് ഫോട്ടോഗ്രാഫര്‍ എസ്.ഐ.ടി.ക്ക് ഔദ്യോഗിക മൊഴി നല്‍കിക്കഴിഞ്ഞു. ഫോട്ടോഗ്രാഫര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന കാര്യം റഫര്‍ റിപ്പോര്‍ട്ടില്‍ വ്യാജമായി എഴുതിച്ചേര്‍ത്തതാണെന്ന് വ്യക്തമായതോടെ, എഡിജിപിയുടെ തണലില്‍ നടന്ന ‘രക്ഷപ്പെടുത്തല്‍’ നാടകം നിയമപരമായി പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയായിരുന്നു.
ഒരു എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ വ്യാജരേഖ ചമയ്ക്കലിനും അട്ടിമറിക്കും കേസെടുക്കേണ്ടി വരുമ്പോള്‍ അത് സംസ്ഥാന പോലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേടായി മാറും. സാധാരണ ഉദ്യോഗസ്ഥര്‍ക്ക് ഈ കേസ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ പരിമിതികളുള്ളതിനാല്‍, പോലീസ് മേധാവി നേരിട്ട് മേല്‍നോട്ടം വഹിക്കുകയോ അന്വേഷണം ഏറ്റെടുക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
സത്യം പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരാന്‍ വ്യാജരേഖ ചമച്ച എഡിജിപിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് പ്രതികളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്.ഐ.ടി. കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ പോലീസിനുള്ളില്‍ നിന്ന് തന്നെ നടന്ന കൂട്ടായ ശ്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രത്യേക സംഘത്തിന്റെ ആവശ്യം. ചൊവ്വാഴ്ച സെഷന്‍സ് കോടതി ഈ പുതിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നതോടെ എഡിജിപിക്കെതിരെയുള്ള എഫ്.ഐ.ആറിന്റെ കാര്യത്തില്‍ ഔദ്യോഗികമായ അന്തിമ തീരുമാനമുണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് കനത്ത സുരക്ഷ; ആറ് കമ്പനി സേന എത്തും




