ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്മാന്മാര് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗ്രേഡ് എസ്.ഐമാര്‍. കേസ് അട്ടിമറിക്കാന്‍ മുന്‍ എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ നേരിട്ട് ഇടപെട്ടുവെന്ന മൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തന വാദം ചമച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ, എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കേസ് ഡയറി തിരുത്താന്‍ അജിത് കുമാര്‍ നേരിട്ടെത്തിയെന്നും ഇവര്‍ വെളിപ്പെടുത്തി.
കേസ് ഡയറിയിലെ വിവരങ്ങള്‍ തിരുത്താന്‍ എ.ഡി.ജി.പി ആവശ്യപ്പെട്ടത് വയനാട് ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടെ ഫോണിലൂടെയായിരുന്നുവെന്ന് എസ്.ഐമാര്‍ പറഞ്ഞു. തിരുത്തിയ റിപ്പോര്‍ട്ടുകള്‍ അജിത് കുമാര്‍ നേരിട്ട് പരിശോധിച്ചുറപ്പിച്ചു. കോടതിയില്‍ റിപ്പോര്‍ട്ട് നല്കി കേസ് എഴുതിത്തള്ളാനുള്ള നടപടികള്‍ വേഗത്തിലാക്കാനായിരുന്നു എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം. 2024 ആഗസ്റ്റ് അഞ്ചിനാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി ആദ്യം വിളിപ്പിക്കുന്നത്. തിരുത്തേണ്ട കാര്യങ്ങള്‍ അന്ന് എഴുതി നല്കി. എന്നാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആഗസ്റ്റ് 13-ന് ഇവരെ വീണ്ടും വിളിപ്പിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 15-ന് വൈകീട്ട് നേരിട്ട് ഓഫീസിലെത്തിയ അജിത് കുമാര്‍, തിരുത്തിയ റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിക്കുകയായിരുന്നുവെന്നും എസ്.ഐമാരുടെ മൊഴിയിലുണ്ട്.
അതേസമയം, ഗണ്മാന്മാരുടെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് എസ്.ഐ.ടി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ്, കഴിഞ്ഞ തവണ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കിയത്. 2023 ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ച് നവകേരള സദസ്സ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്മാരില് നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്മാന്മാര്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എസ്.ഐ.ടി നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികളായ ഗണ്മാന്മാരെയും മറ്റ് അഞ്ച് പോലീസുകാരെയും കേസില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷിച്ചെടുക്കാന്‍ വേണ്ടി ചില പ്രധാന രേഖകള്‍ ഫയലുകളില്‍ നിന്ന് മാറ്റുകയും, പകരം പുതിയവ കൃത്രിമമായി നിര്‍മ്മിച്ച് വെക്കുകയും ചെയ്തതായി എസ്.ഐ.ടി നേരത്തെ കണ്ടെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ കീഴുദ്യോഗസ്ഥര്‍ ഒന്നടങ്കം കൂട്ടുനിന്നു എന്ന ഗുരുതരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൃത്രിമം കാണിച്ച ഈ പുതിയ ഫയലുകളുടെ ഉറവിടം തേടിയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ മുന്‍ എ.ഡി.ജി.പി.യുടെ ഓഫീസിലേക്ക് നീണ്ടിരിക്കുന്നത്.
അക്രമസംഭവത്തിന്റെ യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങളും അന്നത്തെ ലോക്കല്‍ അന്വേഷണസംഘം കോടതിക്കായി രേഖപ്പെടുത്തിയ സാക്ഷിമൊഴികളും തമ്മില്‍ കടുത്ത പൊരുത്തക്കേടുകളുണ്ടെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. വീഡിയോകളില്‍ ഗണ്മാന്മാരുടെ ക്രൂരമായ മര്‍ദ്ദനം വ്യക്തമായി കാണാമെങ്കിലും, മുന്‍പ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള ‘രക്ഷാപ്രവര്‍ത്തന’ വാദങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ പൊരുത്തക്കേടുകള്‍ ബോധ്യപ്പെട്ടതോടെയാണ് ഔദ്യോഗിക രേഖകള്‍ ചമച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ എസ്.ഐ.ടി. തീരുമാനിച്ചത്.
കേസിന്റെ തുടക്കം മുതല്‍ നിലവിലുണ്ടായിരുന്ന യഥാര്‍ത്ഥ രേഖകള്‍, പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍, സംഭവത്തിന്റെ സി.ഡി.കള്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലെല്ലാം വലിയ രീതിയിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നത്. കേസില്‍ മനഃപൂര്‍വ്വം തിരിമറി നടത്താന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യക്തിപരമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ അതോ ഉന്നത ഉദ്യോഗസ്ഥരുടെ കല്പ്പനകള്ക്ക് അനുസരിച്ച് അവരുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണോ ചെയ്തതെന്നാണ് എസ്.ഐ.ടി പ്രധാനമായും ചോദിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലിലൂടെ ലഭ്യമായ ഈ നിര്‍ണ്ണായക വിവരങ്ങള്‍ കേസിന്റെ തുടരന്വേഷണത്തെയും വരുംദിവസങ്ങളിലെ അടിയന്തര നടപടികളെയും വലിയ രീതിയില്‍ സഹായിക്കും. മുന്‍പ് ഭരണസ്വാധീനത്താല്‍ ഒതുക്കിത്തീര്‍ത്ത കേസില്‍ പുതിയ ഭരണത്തിന് കീഴില്‍ ശക്തമായ തെളിവുകള്‍ പുറത്തുവരുന്നതോടെ, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിലേക്ക് വരാനുള്ള സാധ്യതകളാണ് തെളിയുന്നത്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സഹകരണ വകുപ്പ് സോഫ്റ്റ്വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
സഹകരണ വകുപ്പ് സോഫ്റ്റ്വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ





