1000 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു ; പ്രമുഖ മറാത്തി നടനുൾപ്പെടെ എട്ട് പേർ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ മറാത്തി നടൻ മഹേഷ് പവാർ (25) ഉൾപ്പെടെ 8 പേർ മരിച്ചു. മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള പൊളാഡ്പുർ – മഹാബലേശ്വർ റോഡിലെ അംബേനാളി ഘട്ട് പ്രദേശത്താണ് അപകടം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മഹേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ 1000 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാഹനം കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. പൊളാഡ്പുരിന് സമീപമുള്ള മൊബൈൽ ടവറിലാണ് മരിച്ചവരുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചത്. അംബേനാളി ഘട്ട് ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കൊക്കയിൽ നിന്നും ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി കണ്ടെത്തുന്നത്. ഘട്ട് റോഡിൽ വച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം കാർ കൊക്കയിലേക്ക് മറിയാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.

ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് മഹേഷ്‌ പവാറും, സുഹൃത്തുക്കളും ദാപോലിയിലെ ഹാർനെയിൽ നിന്ന് യാത്ര തിരിച്ചത്. ഇവർ സത്താറയിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഉച്ചയോടെ തിരച്ചിൽ ആരംഭിക്കുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ (22), സുഹാസ് ലോഖണ്ഡെ (20), ഉത്കർഷ് ഷിംഗ്തെ (21), നിഖിൽ ഷിംഗ്തെ (25), മഹേഷ് പവാർ (25), ആദിത്യ സാലുങ്കെ (21), രാജേഷ് കട്കർ (35), രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ (19) എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കാനായി. അപകടത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.